അടിക്കാനെടുത്ത ഓരോ വടി കൊണ്ടും തിരിച്ചടി കിട്ടി,എല്‍ഡിഎഫ് തളച്ചിടത്തുതന്നെ യുഡിഎഫ് കുരുങ്ങി, ‘അന്നംമുടക്കികളായി’; ഇടതുമുന്നണി വിലയിരുത്തല്‍ ഇങ്ങനെ



എല്‍ഡിഎഫ് അജണ്ടയില്‍ തന്നെ യുഡിഎഫിനെ തളച്ചിടാന്‍ കഴിഞ്ഞതായി ഇടതുമുന്നണി വിലയിരുത്തല്‍. എല്‍ഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍തന്നെ പൊതുചര്‍ച്ചയാക്കി മാറ്റാനും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി പൊതുജനാഭിപ്രായം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനും സാധിച്ചിട്ടുണ്ടെന്നാണ് ഇടതുക്യാമ്പുകളുടെ വിലയിരുത്തല്‍. യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന കിറ്റ് വിതരണ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായെന്നും എല്‍ഡിഎഫ് വിലയിരുത്തി.

അഴിമതി, പൊലീസ് നയത്തിലെ അപാകതകള്‍ മുതലായ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയാകുമെന്ന് എല്‍ഡിഎഫ് പ്രത്യേകിച്ചും സിപിഐഎം ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇവ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ പോലും ചര്‍ച്ചയായില്ല. സിപിഐഎം ഭയപ്പെടുന്ന വിഷയങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടതായും വിലയിരുത്തലുണ്ട്.

ഇടതുസര്‍ക്കാര്‍ നേട്ടങ്ങളായി എടുത്തുപറയുന്ന ഭക്ഷ്യകിറ്റ് വിതരണം, ക്ഷേമപെന്‍ഷന്‍ വിതരണം, ലൈഫ് പദ്ധതി എന്നിവയെ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ഇടതുമുന്നണിക്ക് ഇത് തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ രീതിയില്‍ പ്രയോജനം ചെയ്തിരുന്നു. പരീക്ഷിച്ച് വിജയിച്ച തന്ത്രം എന്ന നിലയ്ക്ക് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എല്‍ഡിഎഫ് ഇതേ തന്ത്രങ്ങള്‍ തന്നെ പയറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഴക്കടല്‍ വിവാദം, ഇരട്ടവോട്ട് വിവാദം, ഭക്ഷ്യകിറ്റ് വിതരണവിവാദം, പിന്‍വാതില്‍ നിയമന വിവാദം മുതലായവയെല്ലാം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നെങ്കിലും വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കാന്‍ ഈ വിവാദങ്ങള്‍ക്ക് കെല്‍പ്പില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഭക്ഷ്യകിറ്റ് വിവാദമുയര്‍ത്തിയ പ്രതിപക്ഷത്തിനുനേരെ അന്നം മുടക്കികള്‍ എന്ന ആക്ഷേപം ഇടതുപക്ഷം തിരിച്ചടിച്ചതോടെ അത് യുഡിഎഫ് പ്രതിച്ഛായയെത്തന്നെയാണ് മങ്ങലേല്‍പ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രവുമല്ല ഭരണവൈകല്യവും ബിജെപിയുടെ വര്‍ഗ്ഗീയതയും കാര്യമായി ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെപോയതും യുഡിഎഫിന് തിരിച്ചടിയായി.
Previous Post Next Post