ക്രൈം ബ്രാഞ്ചിന് തിരിച്ചടി ;ഇഡിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപ് നായരുടെ അഭിഭാഷക;’എന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെന്ന വാദം തെറ്റ്’

 


ഇഡിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കേസിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക പിവി വിജയം. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പറഞ്ഞു. താന്‍ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളതെന്നും പിവി വിജയം കൂട്ടിച്ചേര്‍ത്തു.

തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദത്തെ തള്ളി അഭിഭാഷക നേരിട്ടെത്തിയത് ക്രൈംബ്രാഞ്ചിന് കനത്ത തിരിച്ചടിയായുകയാണ്. സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. നല്‍കാത്ത പരാതിയില്‍ എങ്ങനെ പോലീസിന് കേസെടുക്കാന്‍ കഴിയുമെന്നും സന്ദീപിന്റെ അഭിഭാഷക വിജയം ചോദിച്ചു.

കസ്റ്റഡിയില്‍ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ മുഖ്യമന്ത്രിയ്‌ക്കെതിരെ പരാതി നല്‍കാന്‍ ഇഡി പീഡിപ്പിച്ചതായി അഭിഭാഷക പരാതി നല്‍കിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. ഇഡിക്കെതിരെ സന്ദീപ് നായര്‍ നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കത്ത് നല്‍കിയെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ വേളയില്‍ സ്വപ്‌നയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്വപ്‌ന കസ്റ്റഡിയിലുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നത് താന്‍ കേട്ടു എന്ന ഒരു വനിതാ പൊലീസുകാരിയുടെ മൊഴിയായിരുന്നു കേസിന് ആധാരം. എന്നാല്‍ കേസിനെ ചോദ്യംചെയ്ത് ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


Previous Post Next Post