മോദീ… അങ്ങനെയൊന്നും തമിഴരെ വില്‍ക്കാനാവില്ല, പെട്ടന്നുണ്ടായ ഈ സ്‌നേഹം എന്തിനെന്ന് മനസിലാവില്ലെന്നോ? പ്രധാനമന്ത്രിയെ പരിഹസിച്ച് കമല്‍ ഹാസന്‍

ചെന്നൈ: തമിഴ് പഠിക്കാന്‍ കഴിയാതെ പോയതില്‍ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. മോദിക്ക് തമിഴിനോട് പെട്ടെന്നുണ്ടായ സ്‌നേഹം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മോദിക്ക് പെട്ടെന്നുണ്ടായ ഈ സ്‌നേഹത്തെ തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നാണോ?, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയെന്ന് വ്യക്തമാണ്. രണ്ടുവരി തമിഴില്‍ സംസാരിച്ചാല്‍ എല്ലാവരും അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്നാണോ അവര്‍ ചിന്തിക്കുന്നത്. തമിഴരെ വില്‍ക്കാനാവില്ല. അതുപോലെ അവരുടെ വോട്ടിനേയും’, കമല്‍ ഹാസന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


 
കഴിഞ്ഞ ദിവസം മന്‍ കി ബാതില്‍ സംസാരിക്കവെയാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴ് പഠിക്കാതെ പോയതില്‍ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. ‘ചിലപ്പോള്‍ അങ്ങനെയാണ് ചില ചെറിയ ചോദ്യങ്ങള്‍ പോലും നമ്മെ സങ്കടത്തിലാക്കും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും നേടാതെ പോയതില്‍ ദുഃഖമുണ്ടോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് തോന്നി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാന്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന്’, എന്നായിരുന്നു മോദിയുടെ പ്രതികരണം.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ശാസ്ത്രീയ ഉപദേഷ്ടാവായിരുന്ന വി പൊന്‍രാജ് പാര്‍ട്ടിയില്‍ ചേര്‍ന്നതായും കമല്‍ ഹാസന്‍ വ്യക്തമാക്കി. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചിയിച്ചിരിക്കുന്നത്. ഒറ്റഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
Previous Post Next Post