മാസ്ക് വിവാദം : ഖാദി ബോര്‍ഡിലെ ധനകാര്യ ഉപദേഷ്ടാവിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി.





തിരുവനന്തപുരം ‍: റേഷന് കടകളിലെ സൗജന്യകിറ്റുകള്‍ക്കൊപ്പം നല്‍കാന്‍ മാസ്‌ക് വാങ്ങിയ ഇടപാടിന്റെ പേരില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ ഖാദി ബോര്‍ഡിലെ ധനകാര്യ ഉപദേഷ്ടാവിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി. ഖാദി വിഭാഗം ഡയറക്ടര്‍ക്കു പുറമേ ധനകാര്യ ഉപദേഷ്ടാവിന്റെ ചുമതലയും നിര്‍വഹിച്ചു വന്ന ഉദ്യോഗസ്ഥനെ അധികച്ചുമതലയില്‍നിന്ന് ഒഴിവാക്കിയാണു സെക്രട്ടറി ഡോ.കെ.എ.രതീഷിന്റെ ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്ന ഫെബ്രുവരി 26നാണ് ഉത്തരവിറങ്ങിയത്. നിലവില്‍ ഭരണവിഭാഗം ഡയറക്ടറായ ഉദ്യോഗസ്ഥനു ധനകാര്യ ഉപദേഷ്ടാവിന്റെ അധികച്ചുമതല നല്‍കിയിട്ടുണ്ട്.ഖാദി മാസ്‌കിന്റെ വിലയില്‍ അഴിമതിയുണ്ടെന്നു സൂചിപ്പിക്കുന്ന സമൂഹമാധ്യമത്തിലെ പോസ്റ്റ് ഷെയര്‍ ചെയ്ത ബോര്‍ഡിന്റെ തിരുവനന്തപുരം പ്രോജക്ട് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്കും ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ (ഐഎന്‍ടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ബി.എസ്.രാജീവിനെ ഫെബ്രുവരി 25നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ ഉത്തരവും ഇറക്കിയത് സെക്രട്ടറിയാണ്. ഇതിനു പിറ്റേന്നാണു ധനകാര്യ ഉപദേഷ്ടാവിനു സ്ഥാനചലനം.

ധനകാര്യ ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളിലെ ഭിന്നതയാണോ സ്ഥാനചലത്തിനു പിന്നിലെന്നു വ്യക്തമല്ല. ബോര്‍ഡിലെ മുഴുവന്‍ കാര്യങ്ങളുടെയും ഭരണപരമായ ചുമതല സെക്രട്ടറിക്കാണ്. ഖാദി മാസ്‌ക് ഇടപാടിനെ സംബന്ധിച്ച അന്വേഷണങ്ങളോടു പ്രതികരിക്കാതെ സെക്രട്ടറി ഒഴിഞ്ഞു മാറിയിരുന്നു. തുടര്‍ന്നു വൈസ് ചെയര്‍പഴ്‌സനാണു കാര്യങ്ങള്‍ വിശദീകരിച്ചത്.അതേസമയം, കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജനുവരി വരെ 25 കോടി രൂപയുടെ മാസ്‌ക് വിറ്റഴിച്ചെന്ന ഖാദി ബോര്‍ഡിന്റെ അവകാശവാദത്തെ ഖണ്ഡിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. 202021 സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി 15 വരെയുള്ള കണക്ക് അനുസരിച്ച് ബോര്‍ഡിന്റെ ആകെ വിറ്റുവരവ് 21.34 കോടി രൂപയാണെന്നു കൊച്ചി സ്വദേശി കെ.ഗോവിന്ദന്‍ നമ്പൂതിരിക്കു വിവരാകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലുണ്ട്.


Previous Post Next Post