മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റംസ്. ഡോളർ കടത്തിൽ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്.
കോൺസുൽ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. കോൺസുൽ ജനറലുമായി മുഖ്യമന്ത്രി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു എന്നും സ്വപ്നയുടെ മൊഴിയിൽ ഇതിന് തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയ്ക്ക് പുറമെ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കും ഡോളർ ഇടപാടിൽ പങ്കുണ്ടെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയ്ക്കും സ്പീക്കർക്കുമെതിരെയുള്ള കസ്റ്റംസ് സത്യവാങ്മൂലം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.