കോട്ടയം : കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്‌ക്കെതിരായ ആരോപണം വലുതാണെന്നും അന്വേഷിച്ച് നടപടിയെടുക്കട്ടെ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കസ്റ്റംസ് നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണോ എന്ന ചോദ്യത്തിന് ഇക്കാര്യം ആദ്യം പറഞ്ഞ പാര്‍ട്ടി സി.പി.ഐ ആണെന്നായിരുന്നു കാനത്തിന്റെ മറുപടി. “ആരോപണം വലുതാണ്. പക്ഷെ നിയമപരമായ നടപടിയെടുക്കട്ടെ. കേന്ദ്ര ഏജന്‍സികള്‍ ഇത്തരം നടപടികളുമായി മുന്നോട്ടു വന്നപ്പോള്‍ രാഷ്ട്രീയക്കളിയാണെന്ന് ആദ്യം പറഞ്ഞ പാര്‍ട്ടി സിപിഐയാണ്. അതിപ്പോ അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ് “, കാനം രാജേന്ദ്രന്‍ പറഞ്ഞു.
യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് പറയുന്നത്. അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിനിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് കസ്റ്റംസ്. സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.