ക്രൂര പീഡനം നടന്നതായി സംശയം; മൂവാറ്റുപുഴയിലെ നാലരവയസുകാരിയുടെ നില ഗുരുതരം



മൂവാറ്റുപുഴയിൽ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇതരസംസ്ഥാനക്കാരിയായ നാലരവയസുകാരിയുടേത് പീഡനമെന്ന് സംശയം. അസം സ്വദേശിയായ കുഞ്ഞിന്റെ കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയേയും വൈദ്യപരിശോധന നടത്താനൊരുങ്ങി അധികൃതർ. അതേസമയം അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു.

കുഞ്ഞിന്റെ പിതാവിന്റെ സഹോദരനും ഭാര്യയുമാണു കൂടെയുളളതെന്നാണു പ്രാഥമിക വിവരം. കുറ്റകൃത്യം സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. ഇവരുടെ കുടുംബം മൂവാറ്റുപുഴ, പെരുമറ്റത്താണു വാടകയ്ക്കു താമസിക്കുന്നത്. കുഞ്ഞിനു കടുത്ത വയറുവേദനയും മറ്റും തുടങ്ങിയതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണു മൂവാറ്റുപുഴ നെടുംചാലിൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്.


 
പിന്നീട് സന്നദ്ധ സംഘടന ഇടപെട്ടു കുട്ടിയെ മൂവാറ്റുപുഴ മെഡ‍ിക്കൽ സെന്ററിലേക്ക് മാറ്റി. മൂത്രതടസ്സം ഉണ്ടെന്നായിരുന്നു രക്ഷിതാക്കൾ ഡോക്ടറോട് പറഞ്ഞത്. വിശദമായ പരിശോധനയിൽ കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

സർജറി വിഭാഗം നടത്തിയ പരിശോധനയിലാണു കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും കണ്ടത്. സ്കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായി കണ്ടെത്തി. കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ ഞായറാഴ്ച പൊലീസിനെ വിവരം അറിയിച്ചു.ആശുപത്രി അധികൃതർ വിവരം കൈമാറി 3 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കാൻ മൂവാറ്റുപുഴ പൊലീസ് തയ്യാറായിട്ടില്ല.
Previous Post Next Post