നെയ്യാറ്റിൻകരയിൽ നാൽപ്പതുകാരിയെ സിഐടിയു ഓഫീസ് കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.






തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നാൽപ്പതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്തുളള കെട്ടിടത്തിലാണ് പാലിയോട് സ്വദേശി ചിത്രലേഖയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മാരായമുട്ടം പൊലിസ് അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്കാണ്  സംഭവം. വീടിന് സമീപത്ത് സിഐടിയുവിന്‍റെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിനുളളിലാണ് ചിത്രലേഖയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ചിത്രലേഖയും ഭർത്താവ് സന്തോഷും ഒരുമിച്ച് അമ്പലത്തിൽ പോയിരുന്നു. തുടർന്ന് വീട്ടിലെത്തിയതിന്ശേഷം ജോലി സ്ഥലത്തേക്ക് പോയ സന്തോഷ് ഉച്ചഭക്ഷണത്തിനായി തിരികെയെത്തിയപ്പോഴാണ് ചിത്രലേഖയെ കാണുന്നില്ലെന്ന വിവരമറിയുന്നത്. 

തുടർന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ കെട്ടിടത്തിനുളളിലെ ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സന്തോഷ് തന്നെയാണ് കഴുത്തിലെ കെട്ട് അറുത്തുമാറ്റിയ ശേഷം മാരായമുട്ടം സ്റ്റേഷനിൽ വിവരമറിയിക്കുന്നത്.

 കഴിഞ്ഞ കുറച്ചുനാളുകളായി ചിത്രലേഖ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് മാരായമുട്ടം പൊലിസ് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോർട്ടത്തിന്  ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്നും പൊലിസ് അറിയിച്ചു.


Previous Post Next Post