ന്യൂഡല്‍ഹി: മൂന്ന് തുരങ്കപാതകള്‍ അടക്കം ഉള്‍പ്പെട്ടുകൊണ്ടാണ് രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ വസതി, ഉപരാഷ്‌ട്രപതിയുടെ ഭവനം, എംപിമാരുടെ ചേംബറുകള്‍ എന്നിവയെ പാര്‍ലമെന്റ് മന്ദിരവുമായി ബന്ധപ്പെടുത്തിയാണ് നിര്‍മ്മാണം എന്നാണ് സൂചന. വിവിഐപികളുടെ സുരക്ഷയ‌്ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് തുരങ്കപാത നിര്‍മ്മിക്കുന്നത്. വിശിഷ്‌ട വ്യക്തികള്‍ക്ക് മാത്രമാണ് ഇതില്‍ പ്രവേശിക്കാന്‍ അവസരം. പ്രവേശനകവാടം മുതല്‍ അവസാനം വരെയും അതീവ സുരക്ഷാവലയത്തിലായിരിക്കും മൂന്ന് തുരങ്കപാതകളും.
പുതിയ പാര്‍ലമെന്റ് മന്ദിരം അടങ്ങുന്ന സെന്‍ട്രല്‍ വിസ്‌ത പ്രോജക്‌ടിന്റെ നിര്‍മ്മാണം കൃത്യതയാര്‍ന്ന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. സെന്‍ട്രല്‍ വിസ്‌ത പദ്ധതി 2021 നവംബറിലും, പാര്‍ലമെന്റ് മന്ദിരം 2022 മാര്‍ച്ചിലും, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് 2024 മാര്‍ച്ചിലും പൂര്‍ത്തിയാകും.
സെന്‍ട്രല്‍ വിസ്‌ത പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ ഭവനസമുച്ചയത്തിനൊപ്പം ഓഫീസും ഉണ്ടാകും. സൗത്ത് ബ്ളോക്കിലാണ് ഇവ നിര്‍മ്മിക്കുക. നോര്‍ത്ത് ബ്ളോക്കിലാണ് ഉപരാഷ്‌ട്രപതിയുടെ ഭവനം. എംപിമാരുടെ ചേംബര്‍, നിലവിലെ ട്രാന്‍സ്പോര്‍ട്ട് ആന്റ് ശ്രാം ശക്തി ഭവന്റെ സ്ഥാനത്തും നിര്‍മ്മിക്കും.
വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. 971 കോടി രൂപ ചെലവില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയിലാണ് ഇതി നിര്‍മ്മിക്കുന്നത്. നിലവിലെ മന്ദിരത്തിനേക്കാള്‍ 17,000 ചതുരശ്രമീറ്റര്‍ വലുതായിരിക്കും. ആറ് കവാടങ്ങളുണ്ടാകും. നാല് നിലകള്‍. ലോക്‌സഭാ ചേംബറിന്റെ വലുപ്പം 3,015 ചതുരശ്ര മീറ്റര്‍ ആണ്. 888 അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ടാകും. രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാം. ലോക്‌സഭയില്‍ നിലവില്‍ 543 ഉം രാജ്യസഭയില്‍ 245 ഉം അംഗങ്ങള്‍ക്കാണ് ഇരിപ്പിടമുള്ളത്.