നേമത്തേക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരും ! അല്ലെങ്കില്‍ കെ മുരളീധരന്‍, കരുത്തന്‍ തന്നെ വേണമെന്ന് ഹൈക്കമാന്‍ഡിന് നിര്‍ബന്ധം



തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയെയോ കെ മുരളീധരനെയോ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആലോചന. ഉമ്മന്‍ ചാണ്ടിയോ അല്ലെങ്കില്‍ മുരളീധരന്‍ എന്ന നിലയിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ എംപി അറിയിച്ചിരുന്നു. മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ കെ മുരളീധരന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളെ കാണാന്‍ ഒരുങ്ങുകയാണ്.

നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് കേരളത്തിലെ മുതിര്‍ന്ന നേതാക്കളോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് ഹൈക്കമാന്‍ഡ് ചോദിച്ചു. ഈ ഘട്ടത്തിലാണ് കെ മുരളീധരന്‍ താന്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഒ രാജഗോപാല്‍ നേമത്ത് ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നത്. എല്‍ഡിഎഫിന് വേണ്ടി എംഎല്‍എയായിരുന്ന വി ശിവന്‍കുട്ടിയും യുഡിഎഫിന് വേണ്ടി എല്‍ജെഡിയിലെ സുരേന്ദ്രന്‍പിള്ളയുമാണ് മത്സര രംഗത്തിറങ്ങിയത്. 8671 വോട്ടുകള്‍ക്കാണ് ഒ രാജഗോപാല്‍ ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. യുഡിഎഫിന് 13860 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.

രാജഗോപാലിനെതിരെ വി ശിവന്‍കുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്. രാജഗോപാലിനാവട്ടെ 67,813 വോട്ടും. അതിന് മുമ്പത്തെ തെരഞ്ഞെടുപ്പില്‍ ശിവന്‍കുട്ടി തന്നെയായിരുന്നു രാജഗോപാലിനെ പരാജയപ്പെടുത്തിയത്. 2006ല്‍ കോണ്‍ഗ്രസിന്റെ കൈകളിലായിരുന്ന നേമം സീറ്റായിരുന്നു 2011ല്‍ സിപിഐഎം പിടിച്ചെടുത്തത്. 2006ല്‍ കോണ്‍ഗ്രസിന്റെ എന്‍ ശക്തനൊപ്പമായിരുന്നു മണ്ഡലം. അന്ന് മൂന്നാം സ്ഥാനത്ത് മാത്രമായിരുന്നു നേമത്ത് ബിജെപി. പിന്നീട് 2016ലാണ് രാജഗോപാല്‍ ഇവിടെ മേല്‍ക്കൈ നേടിയത്
Previous Post Next Post