പാലാ : സംസ്ഥാന ഇലക്ഷൻ കമ്മീഷൻ്റെയും ഹരിത കേരളം മിഷൻ്റെയും ശുചിത്വ മിഷൻ്റെയും നിർദ്ദേശപ്രകാരം എല്ലാ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും നിയമസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ ഹരിതബോധം വളർത്താനും ഗ്രീൻ പ്രോട്ടോകോൾ, മാലിന്യ സംസ്കരണം എന്നിവയിൽ അവബോധം വളർത്താനുമായി ളാലം ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺന്റെയും നേതൃത്വത്തിൽ ഹരിത ബൂത്ത് ഒരുക്കി.
പ്ലാസ്റ്റിക്കിൻെറ ഉപയോഗം കുറക്കൽ, പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, സമൂഹിക അകലം, തുടങ്ങിയ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് ഹരിത ബൂത്തിൻെറ ലക്ഷ്യം. ബി.ഡി.ഒ ഷൈമോൻ ജോസഫ് ഹരിത ബുത്തിൻെറ ഉദ്ഘാടനം നിർവഹിച്ചു.
പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതി സൗഹാർദ വസ്തുക്കൾ ഉപയോഗിച്ചാണ് ബൂത്ത് നിർമ്മിച്ചിരിക്കുന്നത്. മെടഞ്ഞ ഓല കൊണ്ടുള്ള മേൽക്കൂരയും ചണചാക്ക് കൊണ്ടുള്ള ഭിത്തികളും മുള കൊണ്ടുള്ള ജനാലകളും അകമുറി അലങ്കാര ചെടികൾ വച്ചും കുടിവെള്ളത്തിനായി മൺകൂജയും മുളയിലുള്ള ഗ്ലാസുമൊക്കെയായി കേരളത്തനിമ നിലനിർത്തുന്ന തരത്തിലാണ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഹരിത ചട്ടം പാലിക്കുന്നതിനുള്ള അറിയിപ്പുകൾ കടലാസിലും തുണിയിലുമായി പ്രദർശിപ്പിച്ചിരിക്കുന്നു.
കൂടാതെ മാലിന്യങ്ങൾ തരം തിരിച്ചു തള്ളാൻ ബൂത്തുകളിൽ ഓല കൊണ്ടുള്ള കൂടകളും സ്ഥാപിച്ചു.
ളാലം ബ്ലോക്ക് ബി.ഡി.ഒ ഷൈമോൻ ജോസഫ്, ജോയിൻ്റ് ബി.ഡി.ഒ വേണുഗോപാൽ, ജി.ഇ.ഒ സാം ഐസക്, എച്ച്.സി കെ.സി ബാബു, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അമ്മു മാത്യു തുടങ്ങിയവരുടെ നേത്യത്വത്തിലാണ് ഹരിത ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്.
പ്രക്യതി സംരക്ഷണത്തിനും, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും, ജൈവ,അജൈവ മാലിന്യ സംസ്ക്കരണത്തിന് പുതിയ അവബോധം നൽകുവാനും നല്ലൊരു മാതൃകയായി ഈ ഹരിത ബൂത്തുകൾ മാറുമെന്ന് പ്രത്യാശിക്കുന്നതായി ളാലം ബ്ലോക് ബി.ഡി.ഒ പറഞ്ഞു.