സംവിധായകന്‍ രഞ്ജിത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർഥിയാകാൻ സാധ്യതയേറി





സംവിധായകന്‍ രഞ്ജിത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന. സി പി എം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്താണ് രഞ്ജിത്തിനായി കണ്ടു വച്ചിരിക്കുന്ന മണ്ഡലം.

സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നിരുന്നു. ഇപ്പോഴത് ധാരണയില്‍ എത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

മൂന്നു തവണ മത്സരിച്ചവര്‍ മാറണമെന്ന നിര്‍ദേശം എ. പ്രദീപ് കുമാറിന്റെ കാര്യത്തിലും നടപ്പിലാക്കിക്കൊണ്ട് ഈ മണ്ഡലത്തിലെ താമസക്കാരന്‍ കൂടിയായ രഞ്ജിത്തിനെ മത്സരിപ്പിക്കാനാണ് ശ്രമം.

2011 നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സി പി എം ഉന്നത നേതാക്കളുമായി അടുത്തബന്ധവുമുണ്ട്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പ്രദീപ് കുമാര്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ പി.എം സുരേഷ് ബാബുവിനെയാണ് പരാജയപ്പെടുത്തിയത്. 2011 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പി.വി ഗംഗാധരനെയും പ്രദീപ് കുമാര്‍ പരാജയപ്പെടുത്തിയിരുന്നു.


Previous Post Next Post