തിരുവനന്തപുരം: ഭാര്യ അറിയാതെ ഒളിപ്പിച്ചുവെച്ച മദ്യം എടുക്കുന്നതിനിടെ കൈ കുടുങ്ങിപ്പോയ മധ്യവയസ്കനെക്കുറിച്ചുള്ള വിഡിയോ വാട്സ്ആപ്പിൽ കണ്ടു കാണും. എന്നാൽ ഈ വിഡിയോ അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിനുണ്ടാക്കുന്ന വേദന എത്രയാണെന്ന് നിങ്ങൾ അറിയാൻ വഴിയില്ല. വിഡിയോ വൈറലാക്കാനുള്ള ഏതോ ഒരാളുടെ 'വികൃതിയിൽ' നാണക്കേടുകൊണ്ട് വീടിന് പുറത്തിറങ്ങാൻ പോലുമാവാതെ കഷ്ടപ്പെടുകയാണ് ഈ വീട്ടുകാർ.
മാവേലിക്കരയിലെ മാന്നാർ കുരട്ടിശ്ശേരി സുരഭിയിൽ സുരേഷ് കുമാറും കുടുംബവുമാണ് നുണ പ്രചരണത്തിൽ ദുരിതത്തിലായത്. കഴിഞ്ഞമാസം 26-ന് രാത്രിയിൽ വീട്ടിലെ കുളിമുറിയിൽ അഴുക്കുവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നു. പ്ലംബറെ വിളിച്ചിട്ടുവരാത്തതിനാൽ സ്വയം നന്നാക്കാനിറങ്ങി. പൈപ്പിലൂടെ കൈ കടത്തിയപ്പോൾ പൈപ്പിലെ അരിപ്പയുടെ സ്റ്റീൽവളയത്തിൽ കൈ കുടുങ്ങുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
ഫയർഫോഴ്സ് തന്നെയാണ് വിഡിയോ ഫേയ്സ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ ഈ വിഡിയോ മറ്റാരോ എടുത്ത് പ്രചരിപ്പിച്ചത് മറ്റൊരു അടിക്കുറിപ്പിലായിരുന്നു. ഭാര്യ അറിയാതെ ഒളിപ്പിച്ചുവെച്ച മദ്യം എടുക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത് എന്നായിരുന്നു അയാളുടെ കണ്ടെത്തൽ. വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബത്തിനു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായി.
വിഡിയോ പകർത്തിയ അഗ്നിശമന സേനാംഗങ്ങൾതന്നെ ഈ പ്രചാരണം നിഷേധിച്ചിട്ടുണ്ട്. ഈ വ്യാജപ്രചാരണത്തിനെതിരേ നിയമനടപടികൾക്കൊരുങ്ങുകയാണു സുരേഷ്. കൊച്ചി മെട്രോയിൽ സുഖമില്ലാതെ ഉറങ്ങിപ്പോയ യാത്രികനെ കള്ളു കുടിയനാക്കി പ്രചരിപ്പിച്ച സംഭവവും കേരളം കണ്ടതാണ്. ഇതിനെ ആസ്പദമാക്കി വികൃതി എന്ന പേരിൽ സിനിമ പുറത്തിറങ്ങിയിരുന്നു.