പൂഞ്ഞാറില്‍ വലിയ ഭൂരിപക്ഷത്തോടെ ഇത്തവണയും വിജയിക്കുമെന്ന് കേരള ജനപക്ഷം (സെക്യുലര്‍) സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്. പൂഞ്ഞാറില്‍ യുഡിഎഫുമായാണ് തന്റെ മത്സരമെന്നും തുടര്‍ഭരണം എന്നത് പിണറായി വിജയന്‍ ആരാധകരുടെ സൃഷ്ടി മാത്രമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
തുടര്‍ഭരണം എന്നു പറയുന്നത് പിണറായി ആരാധകന്‍മാരുടെ കളിയുടെ ഭാഗമാണ്. എക്‌സിറ്റ് പോളൊക്കെ വെറുതെയാണെന്നും പൂഞ്ഞാറില്‍ മത്സരം താനും യുഎഡിഎഫും തമ്മിലാണെന്നും പിസി ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ രണ്ടിലയെ ആട് കടിച്ചെന്നും ആടി കടിക്കുക മാത്രമല്ല കരിഞ്ഞു പോയെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാറില്‍ എനിക്ക് എതിരാളികളില്ല. ഒമ്പത് സ്ഥാനാര്‍ത്ഥികളാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാഞ്ഞിരിപ്പിള്ളിക്കാരനാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഏറ്റുമാനൂരുകാരനുമാണ്. പൂഞ്ഞാറുകാര്‍ക്ക് വോട്ട് ചെയ്യാന്‍ പൂഞ്ഞാറുകാരനായി ഞാന്‍ മാത്രമേയുള്ളൂവെന്നും പിസി ജോര്‍ജ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം.
പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നിരന്തര ആരോപണങ്ങളാണ് പിസി ജോര്‍ജ് ഉന്നയിക്കുന്നത്. പാവങ്ങള്‍ക്കെതിരെ കേസ് നടത്തുന്ന ഒരു ബ്ലേഡ്കാരനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും ഇത്തരമൊരു ആളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഐഎം, സിപിഐ പ്രവര്‍ത്തകര്‍ ഉത്തരം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദികളുടെ വോട്ട് വേണ്ട എന്നത് ഉറച്ച നിലപാടാണ്. ഇന്ത്യയെന്ന മഹത്തായ രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. ആ ജനാധിപത്യത്തിനു വിരുദ്ധമായി വര്‍ഗീയത പരത്തിയാല്‍ അവരുടെ വോട്ട് വേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.