ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരമാർശം; അറിഞ്ഞിട്ടില്ലെന്ന് വിജയരാഘവൻ


ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമ‌‌ർശം താൻ അറിഞ്ഞിട്ടില്ലെന്ന് എ വിജയരാഘവൻ. സിപിഎം നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും വിജയരാഘവൻ കൊച്ചിയിൽ പറഞ്ഞു. സമുദായ സംഘടനകൾ പലതും പറയാറുണ്ടെന്നും അതിനെല്ലാം സിപിഎമ്മിന്റെ മറുപടി രാഷ്ട്രീയമാണെന്നുമായിരുന്നു സിപിഎം നേതാവിന്റെ പ്രതികരണം.  രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ പ്രതികരണമാണ് വിഷയത്തിൽ നടത്തിയത്. ജോസ് കെ മാണിയുടെ പരാമർശം അറിയില്ലെന്നും അക്കാര്യം ജോസിനോട് തന്നെ ചോദിക്കുവെന്നുമായിരുന്നു കണ്ണൂരിൽ വച്ച് പിണറായി വിജയൻ പറഞ്ഞത്.   എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജോസിനെതിരെ രംഗത്തെത്തി. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് ജോസ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹത്തിന്‍റെ പരാമര്‍ശം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം.ലൗ ജിഹാദ് പ്രചാരണം നടത്തുന്നത് മതമൗലികവാദികളാണെന്നും കാനം പറഞ്ഞു. ജോസ് കെ മാണിയുടെ പരാമർശം അനവസരത്തിലുള്ള വിവരക്കേടെന്നായിരുന്നു മാണി സി കാപ്പൻ്റെ പ്രതികരണം. മുങ്ങി ചാവാൻ പോവുന്ന ആൾ ചകിരി നാര് കിട്ടിയാലും പിടിക്കും, ആ പിടിത്തം മാത്രമാണ് ഇതെന്നും ഇപ്പോൾ ലൗ ജിഹാദ് പറയേണ്ട ഒരു കാര്യവും ഇല്ലെന്നും മാണി സി കാപ്പൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.   


Previous Post Next Post