ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബംഗ്ലാദേശ് വിമോചനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് മോദി പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തരൂരിന്റെ വിമര്‍ശനം. എന്നാല്‍ മോദിയുടെ പ്രസംഗത്തില്‍ ഇന്ദിരാഗാന്ധിയുടെ പങ്ക് എടുത്തുപറഞ്ഞെന്നും അതുകൊണ്ടുതന്നെ നേരത്തെയുള്ള വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. തലക്കെട്ടുകളുടെയും ചില ട്വീറ്റുകളുടെയും അടിസ്ഥാനത്തിലാണ് തെറ്റിദ്ധരിച്ചതെന്നും തരൂര്‍ വ്യക്തമാക്കി.
നേരത്തെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി താന്‍ സത്യഗ്രഹം നടത്തി ജയില്‍ ശിക്ഷ അനുഭവിച്ചെന്ന് മോദി പ്രസംഗിച്ചിരുന്നു. തന്റെ 20ാമത്തെ വയസ്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമരത്തിനിറങ്ങി ജയില്‍ ശിക്ഷ അനുഭവിച്ചെന്നായിരുന്നു ബംഗ്ലാദേശില്‍ മോദിയുടെ പ്രസംഗം. എന്നാല്‍, മോദിയുടെ പരാമര്‍ശത്തെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ അടക്കമുള്ളവര്‍ പരിഹസിച്ച് രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ധാക്കയിലെത്തിയത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പരിപാടിയിലും മോദി പങ്കെടുത്തു.