പാറത്തോട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രസംഗം പാതി വഴിയില്‍ ഉപേക്ഷിച്ച് കേരള ജനപക്ഷം (സെക്യുലര്‍) സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്. സിപിഐഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പിസി ജോര്‍ജ് ആരോപിച്ചു.
പിസി ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണങ്ങള്‍ അതുവഴി കടന്നു പോയിരുന്നു. ഇതോടെ അദ്ദേഹത്തിന്‍രെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ട് തവണ ഇതാവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും വാഹനം പോയി. ഇതോടെ ജനപക്ഷം പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. ഇതിനിടെ താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പസി ജോര്‍ജ് മടങ്ങി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പലിശക്കരാരനാണെന്ന പരാമര്‍ശം പിസി നടത്തിയിരുന്നു. ഇതാണ് പ്രസംഗം തടസ്സപ്പെടുത്താനുള്ള കാരണമെന്ന് പിസി ജോര്‍ജ് പറയുന്നു.
പലിശക്കാരനായ ഒരാളെയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറില്‍ അധികം ചെക്ക്‌കേസുകളില്‍ പെട്ടയാളാണ്. അത് താന്‍ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇതു രണ്ടാം തവണയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പിസി ജോര്‍ജിന്റെ പ്രസംഗം തടസ്സപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പ്രചരണ പ്രവര്‍ത്തനത്തിനിടെ പിസി ജോര്‍ജും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. പിസി ജോര്‍ജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.
പിസി ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവുകയായിരുന്നു. ഈ സംഭവത്തിനു പിന്നാലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള തന്റെ പ്രചരണ പരിപാടികള്‍ നിര്‍ത്തി വെച്ചതായി പിസി ജോര്‍ജ്ജ് അറിയിച്ചിരുന്നു. ഒരുകൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.