തലമുണ്ഡനം എന്തിന്? ലതികാ സുഭാഷ് പറയുന്നു’





കൊച്ചി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം താന്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് സീറ്റ് മോഹിച്ചല്ലെന്ന് ലതികാ സുഭാഷ്.  ഇന്ദിരയുടെയും സോണിയയുടെയും നേതൃത്വമുള്ള പാര്‍ട്ടി സ്ത്രീകള്‍ക്ക് നീതി നിഷേധിക്കരുത്’ - അവർ പറഞ്ഞു.

ലതിക സുഭാഷിന്റെ വാക്കുകളിലേക്ക്:- 

‘ഏറ്റുമാനൂര്‍ സീറ്റ് പതിറ്റാണ്ടുകളായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ കൈകളിലായിരുന്നു. ഞാനൊക്കെ പൊതുപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍  അങ്ങനെത്തന്നെയാണ്. നാല് തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോഴും രണ്ട് തവണ പരാജയപ്പെട്ടപ്പോഴും ഞങ്ങള്‍ കൂടെനിന്ന് പ്രവര്‍ത്തിച്ചവരാണ്. 

1991ലും 95 ലും 2000ലും ജില്ലാ പഞ്ചായത്തിലും ഞാന്‍ ജയിച്ച സ്ഥലം, ഞാന്‍ ജനിച്ച സ്ഥലം, നാട്, സ്‌കൂള്‍, പഠിച്ച കോളെജ് എല്ലാം ഇവിടെയായതുകൊണ്ട് ഏറ്റുമാനൂരിൽ തെരഞ്ഞെടുപ്പിലേക്ക് വരാനുള്ള നല്ല അവസരമായിരിക്കുമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തോട് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. പക്ഷേ, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവിടെ അവകാശവാദം ഉന്നയിച്ചു എന്നാണ് പറഞ്ഞത്. അത്തരമൊരു അവകാശവാദം ഉന്നയിക്കാനുള്ള സംഘടനാമികവ് ജോസഫ് വിഭാഗത്തിന് അവിടെ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

ഏറ്റുമാനൂര്‍ കോണ്‍ഗ്രസിന് ആഴത്തില്‍ വേരുള്ള മണ്ഡലമാണ്. മാണി വിഭാഗം ആവശ്യപ്പെട്ട് സീറ്റ് വാങ്ങുമ്പോള്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രണ്ടില ചിഹ്നത്തില്‍ മത്സരിപ്പിക്കേണ്ട ഗതികേടുപോലും ഉണ്ടായിട്ടുള്ള മണ്ഡലമാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു കൈപ്പത്തി ചിഹ്നത്തിലേക്ക് മാറണമെന്ന്. മറിച്ച് ഒരു ചെണ്ടയിലേക്ക് പോകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നില്ല. കോണ്‍ഗ്രസില്‍ അത്തരമൊരു മാറ്റമുണ്ടാകുമെന്നും അത് കെപിസിസിയുടെയും എഐസിസിയുടെയും നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നതുമാണ’.

‘പക്ഷേ, എനിക്ക് ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാത്തതുകൊണ്ടല്ല ഞാന്‍ തലമുണ്ഡനം ചെയ്തത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയിലും അതിന് മുമ്പ് 2000ല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലം മുതല്‍ മാറിമാറി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലെമെന്റ് തെരഞ്ഞെടുപ്പിലുമൊക്കെ എന്റെ പേര് വന്നുപോകാറുണ്ട്. പക്ഷേ, മറ്റാരെങ്കിലും സ്ഥാനാര്‍ത്ഥിയാവും. ഞാന്‍ അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. ഇത്തവണ പക്ഷേ, മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയാണ്, ലതികാ സുഭാഷല്ല. കെഎസ് യു പ്രസിഡന്റിനും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനുമൊക്കെ സീറ്റ് നല്‍കിയപ്പോള്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക്  മാത്രം സീറ്റ് നിഷേധിച്ചു. അതിനാണ് ഈ പ്രതിഷേധം’. അതുകൊണ്ട്  മറ്റ്  പാർട്ടികളിലേക്കൊന്നും പോകില്ല. കോൺഗ്രസ് പ്രവർത്തകയായി തന്നെ തുടരും.





Previous Post Next Post