പാലാ: വഴിയിൽ വീണുകിട്ടിയ പാലക്കാട് സ്വദേശിയുടെ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും ഉപയോഗിച്ച് പാലാ സ്വദേശികളായ രണ്ടു പേരുടെ വില പിടിപ്പുള്ള വീഡിയോ ക്യാമറ വാടകക്കെടുത്ത് തിരിച്ചു നൽകാതെ കബളിപ്പിച്ച കേസിലാണ് കണ്ണൂർ പയ്യന്നൂർ സ്വദേശി വഴാത്തുരൂത്തേൽ മാത്യുവിന്റെ മകൻ ജിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ മാസത്തിൽ കണ്ണൂരിൽ റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പാലക്കാട് സ്വദേശിയുടെ ആധാർ കാർഡിന്റെയും ഡ്രൈവിംഗ് ലൈസൻസിന്റെയും കോപ്പി ഉപയോഗിച്ച് എടുത്ത സിം കാർഡ് ഉപയോഗിച്ച് ജിനേഷ് OLX പരസ്യം വഴി ക്യാമറ വാടകക്ക് നൽകുന്ന പാലാ സ്വദേശികളെ ബന്ധപ്പെട്ടു. മാർച്ച് അഞ്ചാം തീയതി പാലായിൽ എത്തുമെന്നും പാലക്കാട് ആണ് വീട് എന്നുമറിയിച്ചു.
മാർച്ച് അഞ്ചാം തീയതി പാലായിൽ എത്തിയ ജിനേഷ് കളഞ്ഞു കിട്ടിയ ആധാർ കാർഡിന്റെയും ഡ്രൈവിംഗ് ലൈസൻസിന്റെയും കോപ്പി നൽകി രണ്ടു ദിവസത്തേക്ക് എന്ന് പറഞ്ഞ് ക്യാമറ വാടകക്കെടുത്തു.പറഞ്ഞിരുന്ന സമയത്തിന് ശേഷം ക്യാമറ തിരിച്ചു കിട്ടാത്തതിനാൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നൽകിയിരുന്ന തിരിച്ചറിയൽ രേഖയിലെ വിലാസത്തിൽ പാലക്കാട് അന്വേഷിച്ചെത്തി യഥാർത്ഥ ആളെ കണ്ടപ്പോൾ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായ ഉടമകൾ പോലീസിൽ പരാതി നൽകുകയായിരുന്നു
കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐ.പി.എസിന്റെ നിർദേശപ്രകാരം പാലാ ഡി.വൈ.എസ്.പി. പ്രഫുലചന്ദ്രന്റെ മേൽനോട്ടത്തിൽ പാലാ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സുനിൽ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പയ്യന്നൂരിൽ നിന്നും അറസ്റ്റ് ചെയ്യുകയും ക്യാമറകൾ കണ്ടെത്തുകയുമായിരുന്നു
പ്രിൻസിപ്പൽ എസ് ഐ ശ്യംകുമാർ കെ എസ്, എസ് ഐ തോമസ് സേവ്യർ, എ എസ് ഐ പ്രകാശ് ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺചന്ദ്, ഷെറിൻ മാത്യൂ സ്റ്റീഫൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.