കോഴിക്കോട് വടകരയില്‍ ഉടമകളറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം. പതിനൊന്നാളുകളുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തി എണ്‍പത്തി അയ്യായിരത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് പലര്‍ക്കും പണം പിന്‍വലിച്ചതായി സന്ദേശമെത്തിയത്.
എന്‍ജിനീയറിങ് വിദ്യാര്‍ഥിനി അപര്‍ണയ്ക്ക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിച്ച ഇരുപതിനായിരം രൂപയാണ് നഷ്ടമായത്. പതിനായിരം രൂപ വീതം രണ്ട് തവണയായി അക്കൗണ്ടില്‍ നിന്ന് അഞ്ജാതന്‍ പിന്‍വലിച്ചു. എ.ടി.എം കാര്‍ഡ് വഴി പണം പിന്‍വലിച്ചുവെന്നാണ് മൊബൈലില്‍ സന്ദേശമെത്തിയത്. എ.ടി.എം കാര്‍ഡോ പിന്‍നമ്പറോ ആര്‍ക്കും കൈമാറിയിട്ടില്ലെന്നാണ് അപര്‍ണ നല്‍കിയിട്ടുള്ള മൊഴി.
വടകര പുതിയാപ്പ് മലയില്‍ തോമസിന് നാല്‍പതിനായിരം രൂപയാണ് നഷ്ടമായത്. പതിനായിരം വീതം നാല് തവണകളായി പിന്‍വലിക്കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണിത്. എ.ടി.എം കാര്‍ഡിന്റെ വിവരങ്ങളും പിന്‍നമ്പരും ചോര്‍ത്തിയുള്ള തട്ടിപ്പെന്നാണ് പൊലീസ് നിഗമനം. സാങ്കേതിക വിദഗ്ധരുള്‍പ്പെടെയുള്ള സംഘം ഇതിന് പിന്നിലുണ്ടെന്നും വ്യക്തം. പതിനൊന്ന് പരാതികളാണ് വടകര സ്റ്റേഷനില്‍ മാത്രം ലഭിച്ചിട്ടുള്ളത്. കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ കൂടുതല്‍ ഇടങ്ങളില്‍ പലര്‍ക്കും പണം നഷ്ടമായെന്നും വിവരമുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.