കേരളത്തിലുള്ളവര്‍ക്ക് ബീഫ് കഴിക്കാം’; നിരോധിക്കില്ലെന്ന് കുമ്മനം; പ്രകടനപത്രികയില്‍ മലക്കംമറിച്ചില്‍




സംസ്ഥാനത്ത് ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. മലയാളികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നും കുമ്മനം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് എല്ലാ സംസ്ഥാനങ്ങളിലും, അധികാരത്തിലേറിയാല്‍ ഗോവധ നിരോധനനിയമം നടപ്പിലാക്കുമെന്നാണ് ബിജെപിയുടെ പ്രകടനപത്രിയില്‍ പറയുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കേരളത്തിലെ ബിജെപി സ്വീകരിച്ചിരിക്കുന്നത്.
കുമ്മനം പറഞ്ഞത് ഇങ്ങനെ: ”സംസ്ഥാനത്ത് ബീഫ് നിരോധനം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്.”
ഇന്ത്യ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലും ബീഫ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമത്തിന്റെ കരടാണ് ഫെബ്രുവരിയില്‍ പുറത്തിറക്കിയത്. ലക്ഷദ്വീപ് മൃഗസംരക്ഷണം നിയമം 2021 എന്ന പേരിലാണ് കരട് തയ്യാറാക്കിയത്.

പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത് കുറ്റകരമാണെന്ന് ഇതില്‍ പറയുന്നു. പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും ശുപാര്‍ശ ചെയ്യുന്നു.
ബീഫും ബീഫ് ഉല്‍പന്നങ്ങളും കൊണ്ടുപോവുന്ന വാഹനമടക്കം പിടികൂടുന്നതിനും ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് കരടില്‍ പറയുന്നു. പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ നിയമത്തിന്റെ കരട് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നാണ് അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാനതീയതി.


Previous Post Next Post