പാലക്കാട്: യുവതിയെയും നവജാതശിശുവിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി നടുറോഡില്‍ ആംബുലന്‍സ് ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നു. അമിതവേഗത്തിലോടിയ ആംബുലന്‍സിനകത്ത് യുവതി സ്ട്രക്ചറില്‍ നിന്ന് വീണതായും ബന്ധുക്കള്‍ പരാതിപ്പെട്ടു. യുവതിയും കുഞ്ഞും ഭര്‍ത്താവും രണ്ട് ബന്ധുക്കളും നഴ്‌സിങ് അസിസ്റ്റന്റുമായിരുന്നു ആംബുലന്‍സിനകത്തുണ്ടായിരുന്നത്. ഡ്രൈവര്‍ ഇറങ്ങിപ്പോയതോടെ ഇവര്‍ ഇവര്‍ ഒരുമണിക്കൂറോളം പകല്‍ചൂടില്‍ ആംബുലന്‍സിനകത്ത് വിയര്‍ത്ത് ഇരുന്നു.
തുടര്‍ന്ന്, പോലീസെത്തിയാണ് ഇവരെ മറ്റൊരു ആംബുലന്‍സില്‍ തൃശ്ശൂരിലേക്കെത്തിച്ചത്.സംഭവത്തില്‍ ഡ്രൈവര്‍ പുതുനഗരം സ്വദേശി പടിക്കല്‍പാടം ആഷിദിന്റെ (21) പേരില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തു.പാലക്കാട് പോസ്റ്റോഫീസ്‌കൊപ്പം റോഡില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
പ്രസവശേഷമുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് തൃശ്ശൂരിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് യുവതിയെ മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള, കിണാശ്ശേരി കേന്ദ്രീകരിച്ച് ഓടുന്ന ആംബുലന്‍സാണ് കിട്ടിയത്. ആഷിദാണ് ആംബുലന്‍സ് ഓടിച്ചത്. എന്നാല്‍, വഴിയറിയില്ലെന്ന കാരണം പറഞ്ഞ് ആഷിദ് മറ്റൊരു ഡ്രൈവറെ ചുമതലയേല്‍പ്പിച്ചു. പോകേണ്ട വഴിയില്‍നിന്ന് കൂടുതല്‍ ദൂരം മാറി സഞ്ചരിച്ചതിനെത്തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്നവരുമായി തര്‍ക്കമുണ്ടായി. യുവതിയുടെ ബന്ധുക്കള്‍ ഡ്രൈവറെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. ഇതോടെ, ഡ്രൈവര്‍ വണ്ടിനിര്‍ത്തി ഇറങ്ങിപ്പോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് മറ്റൊരു ആംബുലന്‍സ് വരുത്തിയാണ് പോലീസ് ഇവരെ തൃശ്ശൂര്‍ക്കയച്ചത്.