ചിഞ്ചു റാണിയെ തോല്‍പ്പിക്കും’; ചടയമംഗലത്ത് പരസ്യ പ്രതിഷേധവുമായി വീണ്ടും സിപിഐ പ്രവര്‍ത്തകര്‍ തെരുവിൽ


നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ ചടയമംഗലത്തെ സ്ഥാനാര്‍ത്ഥിയായ ജെ. ചിഞ്ചു റാണിക്കെതിരെ വീണ്ടും സിപിഐ പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം.
ചിഞ്ചു റാണിയെ തോല്‍പ്പിക്കും, ചിഞ്ചു റാണി ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളാണ് സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ ഉയര്‍ന്നത്. എ മുസ്തഫയെ അനുകൂലിച്ചായിരുന്നു പ്രകടനം.

പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ അവഗണിച്ചുകൊണ്ടാണ് ചിഞ്ചു റാണിയെ സിപിഐ സ്ഥാനാര്‍ഥിയായി ഇന്ന് പ്രഖ്യാപിച്ചത്. രണ്ട് മണ്ഡലം കമ്മിറ്റികളും ജില്ലാ കൗണ്‍സിലും നിര്‍ദേശിച്ച പേരുകളില്‍ ഇല്ലാത്ത ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. കൊല്ലം ജില്ലയില്‍ വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലെ ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക പ്രതിഷേധങ്ങള്‍ പരിഗണിക്കാതെ ചിഞ്ചു റാണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

ഇന്ന് ഉച്ചയ്ക്കാണ് സിപിഐ സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. ഹരിപ്പാട് അഡ്വ. ആര്‍ സജിലാലും പറവൂര്‍ എംടി നിക്‌സണും നാട്ടികയില്‍ സിപി മുകുന്ദനും മത്സരിക്കും. സിപിഐ മത്സരിക്കുന്ന 25 മണ്ഡലങ്ങളില്‍ 21 സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് 9ന് പ്രഖ്യാപിച്ചിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ: നെടുമങ്ങാട്: ജി ആര്‍ അനില്‍, ചിറയിന്‍കീഴ്: വി ശശി, ചാത്തന്നൂര്‍: ജി എസ് ജയലാല്‍, പുനലൂര്‍: പിഎസ് സുപാല്‍, കരുനാഗപ്പള്ളി: ആര്‍ രാമചന്ദ്രന്‍, ചേര്‍ത്തല: പി പ്രസാദ്, വൈക്കം: സികെ ആശ, മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം, പീരുമേട്: വാഴൂര്‍ സോമന്‍, തൃശൂര്‍: പി ബാലചന്ദ്രന്‍, ഒല്ലൂര്‍: കെ രാജന്‍, കൈപ്പമംഗലം: ഇ.ടി. ടൈസണ്‍, കൊടുങ്ങല്ലൂര്‍: വി ആര്‍ സുനില്‍കുമാര്‍, പട്ടാമ്പി: മുഹമ്മദ് മുഹ്സിന്‍, മണ്ണാര്‍ക്കാട്: സുരേഷ് രാജ്, മഞ്ചേരി: അബ്ദുള്‍ നാസര്‍, തിരൂരങ്ങാടി: അജിത്ത് കോളോടി, ഏറനാട്: കെ ടി അബ്ദുല്‍ റഹ്മാന്‍, നാദാപുരം: ഇ കെ വിജയന്‍, കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരന്‍, അടൂര്‍: ചിറ്റയം ഗോപകുമാര്‍.
Previous Post Next Post