കണ്ണൂർ : തനിക്കെതിരെയുള്ള പി ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. ഒട്ടും ബുദ്ധിയില്ലാത്ത സമയത്ത് താന്‍ എസ് എഫ് ഐ ആയിരുന്നെന്നും, കുറച്ച് ബുദ്ധിവച്ചപ്പോള്‍ കെ എസ് യുവിലേക്കും എ ബി വി പിയിലേക്കും മാറിയെന്നും, ഇപ്പോള്‍ ട്വന്റി ട്വന്റിക്കാരനായെന്നും തോന്നിയാല്‍ ഇവിടെ നിന്നും മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരാള്‍ക്ക് എത്ര പാര്‍ട്ടിയിലും ചേരാമെന്നും, ഇതെല്ലാം താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ട്വന്റിക്ക് പിന്തുണയറിയിച്ച് കഴിഞ്ഞ ദിവസം ശ്രീനിവാസന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
കേരളം ട്വന്റി ട്വന്റി മാതൃകയാക്കണമെന്നും, സംസ്ഥാനത്താകെ സജീവമായാല്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
തൊട്ടുപിന്നാലെ ശ്രീനിവാസനെ വിമര്‍ശിച്ചുകൊണ്ട് പി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ശ്രീനിവാസന്‍ കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന വ്യക്തിയല്ലെന്നും, ചാഞ്ചാട്ടക്കാരനാണെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞത്.