'
കൊച്ചി: സ്പീക്കർക്ക് എതിരെയുള്ള അന്വേഷണം കടുപ്പിച്ച് എൻഫോഴ്സ്മെന്റും. സ്പീക്കറുടെ വിദേശ യാത്രാവിവരങ്ങൾ തേടി പ്രോട്ടോകോൾ ഓഫിസർക്ക് കത്തയച്ചു. ഏതൊക്കെ രാജ്യങ്ങളിൽ എത്ര പ്രാവശ്യം പോയി? എന്നൊക്കെയാണ് സന്ദർശിച്ചത്? തുടങ്ങിയ വിവരങ്ങൾ അറിയിക്കാനാണ് നിർദ്ദേശം. വിദേശയാത്രയുടെ പേരിൽ എത്ര രൂപ ടി എ, ഡി എ ഇനത്തിൽ കൈപ്പറ്റിയെന്നും അറിയിക്കണം.
യാത്രകൾ ഔദ്യോഗികമായിരുന്നുവോ അനൗദ്യോഗികമായിരുന്നുവോ എന്ന് അറിയാനാണ് യാത്രയ്ക്ക് ടി എ/ഡി എ കൈപ്പറ്റിയോ എന്ന് അന്വേഷിക്കുന്നത്. സ്പീക്കറുടെ യാത്ര സംബന്ധിച്ച് യു എ ഇ കോൺസുലേറ്റിലെ വിവരങ്ങളും സർക്കാർ വിവരങ്ങളും തമ്മിൽ വൈരുധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് സ്പീക്കറെ ഇ ഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് തിരക്കായതിനാൽ അതിനു ശേഷം ഹാജരാകാം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഇ ഡിയും സ്പീക്കറെ സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ, സുഹൃത്ത് നാസ് അബ്ദുള്ള, പ്രവാസി വ്യവസായികളായ കിരൺ, ലിഫാർ മുഹമ്മദ് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസ് അബ്ദുള്ളയുടെ പേരിൽ എടുത്ത സിം കാർഡ് ശ്രീരാമകൃഷ്ണനാണ് ഉപയോഗിച്ചിരുന്നത്. ഈ സിം ഉപയോഗിച്ചിരുന്ന ഫോണിലേക്കും തിരിച്ചും സംശയാസ്പദമായ ആശയവിനിമയങ്ങൾ നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.