ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി; ശനിയാഴ്‌ച വരെ കേരളത്തിൽ കാറ്റിനും മഴയ്‌ക്കും സാധ്യത



തിരുവനന്തപുരം : തെക്കു-കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി നിലവിൽ സമുദ്രനിരപ്പിൽ നിന്ന്‌ 4.5 കിലോമീറ്റർ ഉയരത്തിൽ നിലകൊള്ളുന്നതായി കാലാവസ്ഥാ വകുപ്പ്. 

തിരുവനന്തപുരത്തിന്റെ തെക്കു പടിഞ്ഞാറൻ തീരത്തു നിന്ന്‌ 500 കിലോമീറ്റർ അകലെയാണിത്‌. ഇതിന്റെ പ്രഭാവത്തിൽ തെക്കു കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ന്യൂനമർദ്ദം ഇന്ത്യയെ ബാധിക്കില്ലെന്നും മ്യാന്മറിനെ ലക്ഷ്യമാക്കി നീങ്ങുമെന്നുമാണ്‌ പ്രവചനം.
      ശനിയാഴ്‌ച വരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. ബുധനാഴ്‌ച സംസ്ഥാന വ്യാപകമായി നേരിയ മഴയുണ്ടാകും. കേരളം, കർണ്ണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിന്‌ തടസ്സമില്ല. 
      ആൻഡമാൻ കടലിലും ചേർന്നുള്ള ഭാഗത്തും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന്‌ പോകരുത്‌.


Previous Post Next Post