തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മേൽ സമ്മർദം ചെലുത്തിയെന്ന മൊഴിയിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പൊലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചത്.
പൊലീസ് ഹൈടെക് സെൽ എസിപി ഇ.എസ് ബിജുമോന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇ. ഡി ഉദ്യോഗസ്ഥനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യും.
മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌നയെ ഇ.ഡി നിർബന്ധിച്ചതായി എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ സിജി വിജയനാണ് മൊഴി നൽകിയത്. ഇ.ഡിയുടെ ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവം പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് സിജി വ്യക്തമാക്കിയിരുന്നു.
സ്വപ്‌നയെ നിർബന്ധിക്കുന്ന തരത്തിലായിരുന്നു ചോദ്യം ചെയ്യലെന്നും ശബ്ദരേഖയിൽ ആരോടാണ് സ്വപ്‌ന സംസാരിച്ചതെന്ന് അറിയില്ലെന്നും സിജി പറഞ്ഞു. രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണ് സ്വപ്നയെ നിർബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ ശ്രമിച്ചത്.