സൂയസ് കനാലിലെ കപ്പലുകളില്‍ പതിനായിരക്കണക്കിന് കന്നുകാലികളും; വന്‍ ദുരന്തം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്



സൂയസ് കനാലുകളില്‍ കുടങ്ങിക്കിടക്കുന്ന കപ്പലുകളിലുള്ളത് 92000ത്തോളം കന്നുകാലികളും. 20 ഓളം ചരക്കുകപ്പലുകളിലായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ട കാലികളാണിവ. സ്‌പെയിന്‍, റൊമാനിയ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഇവ കയറ്റി അയക്കപ്പെട്ടത്.

കപ്പലുകള്‍ അടുത്ത ദിവസങ്ങളിലും സൂയസ് കനാലില്‍ കുടുങ്ങിയാല്‍ ഇവയ്ക്ക് ഭക്ഷണവും വെള്ളവും തികയാതെ വരികയും ചത്തൊടുങ്ങേണ്ടി വരികയും ചെയ്യുമെന്ന് മൃഗസംരക്ഷണ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. സമീപതീരങ്ങളില്‍ നിന്നും കന്നുകാലികളിലുള്ള കപ്പലുകളിലേക്ക് ഭക്ഷണം എത്തിക്കാം. എന്നാല്‍ കനാലില്‍ നിരവധി കപ്പലുകള്‍ അങ്ങിങ്ങായി കുടുങ്ങിക്കിടക്കുന്നതില്‍ ഇതിനും തടസ്സം നേരിടും.

കന്നുകാലികള്‍ക്ക് പുറമെ നിരവധി ചരക്കു വസ്തുക്കളും കപ്പലില്‍ അഞ്ചു ദിവസങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. യുകെ ആസ്ഥാനമായുള്ള കോസ്റ്റ് വോള്‍ഡ് കമ്പനിയുടെ 1.7 പൗണ്ടിന്റെ ഫര്‍ണീച്ചറുകള്‍ 100 കണ്ടെയ്‌നറുകളിലായി സൂയസ് കനാലില്‍ കുടുങ്ങിക്കിടക്കുകയാണ്.

പ്രധാനമായും ഓയില്‍, ഗ്യാസ് കയറ്റുമതിയാണ് സൂയസ് കനാല്‍ വഴി നടക്കുന്നത്. നിലവില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് കയറ്റി അയക്കേണ്ട എണ്ണ, ഗ്യാസ് ചരക്കുകള്‍ കനാലില്‍ വലിയ തോതില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിന്റെ പ്രത്യാഘാതം ആഗോളതലത്തില്‍ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ബാരലിന് മൂന്ന് ശതമാനം വര്‍ധനവാണ് ക്രൂഡ് ഓയില്‍ മാര്‍ക്കറ്റില്‍ ഉണ്ടായിരിക്കുന്നത്.

വിവിധ രാജ്യങ്ങളിലേക്കുള്ള 54.1 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യവും കപ്പലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങിലെ വ്യവസായ, ഉല്‍പാദന മേഖലയെ നിലവിലെ കുരുക്ക് കാര്യമായി ബാധിക്കും. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കോട്ടന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള പെട്രോളിയം, ചൈനയില്‍ നിന്നുള്ള ഓട്ടോ പാര്‍ട്ടുകള്‍ എന്നിവയുടെ ചരക്കുകള്‍ സൂയസ് കനാലില്‍ കുടുങ്ങിയിരിക്കുകയാണ്
Previous Post Next Post