അടുത്തത് കാശിയും മഥുരയുമോ?കൃഷ്മജന്മഭൂമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ആര്‍എസ്എസ് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്


മഥുര, കാശി മുതലായ ഹിന്ദുക്കളുടെ പുണ്യ സ്ഥലങ്ങളിലെ മുസ്ലീം ആരാധനാലയങ്ങളെക്കുറിച്ച് ചര്‍ച്ച വേണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ആവശ്യത്തിന് ആര്‍എസ്എസും പച്ചക്കൊടി വീശിയതായി റിപ്പോര്‍ട്ട്. അയോധ്യ രാമജന്മഭൂമി ക്യാംപെയ്ന്‍ പോലെ ഒരു നീക്കം മഥുരയിലോ കാശിയിലോ നടത്താന്‍ സംഘപരിവാര്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കാശി വിശ്വനാഥ് ക്ഷേത്രത്തിനും മഥുരയിലെ കൃഷ്ണജന്മഭൂമി എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശങ്ങളും വൈദേശികാധിപത്യത്തിന് ഇന്ത്യ എങ്ങനെയെല്ലാം ഇരകളാക്കി മാറ്റപ്പെട്ടു എന്ന് തെളിയിക്കുന്നതായി ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. വിശദമായ സംവാദങ്ങള്‍ക്ക് ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തും തയ്യാറെടുക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാശി, മഥുര പ്രദേശങ്ങളില്‍ നിന്ന് മുസ്ലീം ആരാധനാലയങ്ങള്‍ നീക്കം ചെയ്യണമെന്ന് ചില ഹിന്ദു സംഘടനകള്‍ ആവശ്യമുന്നയിച്ചതോടെ അയോധ്യ നീക്കം പോലൊന്ന് ഉടനടി വേണ്ട എന്ന ആര്‍എസ്എസ് തീരുമാനത്തിന് ഇളക്കം തട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. അഖില ഭാരതീയ അഖാഡ പരിഷത്ത് പോലുള്ള ഹിന്ദുമതപണ്ഡിതരുടെ സംഘടനയാണ് ശക്തമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നത്.

ഉടനടി അയോധ്യയ്ക്ക് സമാനമായ മറ്റൈാരു നീക്കത്തിനില്ലെന്ന് ആര്‍എസ്എസ് മുന്‍പ് നിലപാടറിയിച്ചിരുന്നു. അയോധ്യ രാമജന്മഭൂമി ക്യാംപെയ്‌ന്റെ സമയത്ത് അവസ്ഥകള്‍ മറ്റൊന്നായിരുന്നുവെന്നും ഇപ്പോള്‍ മറ്റൊരു അയോധ്യയ്ക്കുള്ള സമയമല്ലെന്നുമാണ് ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചിരുന്നത്. അയോധ്യ മുന്നറിയിപ്പ് മാത്രമാണ്, അയോധ്യയ്ക്കുശേഷം മഥുരയും കാശിയും എന്നായിരുന്നു വിശ്വഹിന്ദുപരിഷത്തിന്റെ പഴയ മുദ്രാവാക്യം. ഹിന്ദു ക്ഷേത്രങ്ങളുടെ അവശിഷ്ടത്തിനുമുകളിലാണ് കാശിയിലും മഥുരയിലും മുസ്ലീം ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചതെന്നായിരുന്നു എബിഎപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാദം.

മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിസ്ഥിതി ചെയ്യുന്നത് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണെന്നും അത് പൊളിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ശ്രീകൃഷ്ണഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു കൂട്ടമാളുകളാണ് പള്ളിക്കെതിരെ കോടതിയെ സമീപിച്ചത്. പള്ളിയിരിക്കുന്ന 1337 ഏക്കര്‍സ്ഥലം ശ്രീകൃഷ്ണജന്മഭൂമിക്ക് വിട്ട്‌നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഈ സ്ഥലം കാത്‌റ കേശവ്‌ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Previous Post Next Post