വനിതാ കമ്മീഷന് ഒന്നും പറയാനില്ലേ?ജോയ്‌സ് ജോര്‍ജ്ജിന്റെ അശ്ലീല പരാമര്‍ശം പൊറുക്കാനാവാത്തത്ര രമേശ് ചെന്നിത്തല




എറണാകുളം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. എറണാകുളം സെന്റ്. തെരേസസ് കോളജ് വിദ്യാര്‍ഥികളെ രാഹുല്‍ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം. എന്നാല്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി രാഹുല്‍ ഗാന്ധിയെ അപമാനിച്ച ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ അശ്ലീല പരാമര്‍ശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉള്‍പ്പെടെയുള്ളവര്‍ സദസ്സിലിരുന്ന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുല്‍ ഗാന്ധിയോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ സാംസ്‌കാരിക നായകരുടെ മൗനം ദയനീയമാണ്. പിണറായി വിജയന്‍ ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു ഇക്കൂട്ടര്‍. വനിതാ കമ്മീഷന് ഈ വിഷയത്തില്‍ ഒന്നും പറയാനില്ലേയെന്നും ചെന്നിത്തല ചോദിച്ചു.

എന്നാല്‍ ജോയ്‌സിന്റേത് പക്വതയില്ലാത്ത പരാമര്‍ശമാണെന്നായിരുന്നു പി.ജെ ജോസഫിന്റെ വിമര്‍ശനം. ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. ജോയ്‌സ് മ്ലേച്ഛനാണെന്ന് തെളിയിച്ചിരിക്കുന്നു. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. അദ്ദേഹം അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണെന്നും ഡീന്‍ പറഞ്ഞു.
Previous Post Next Post