പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി സെക്രട്ടറിയായിരുന്ന രമണി പി നായര്‍. തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്താക്കിയത് രമേശ് ചെന്നിത്തലയാണെന്നും രമണി പി നായര്‍ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ആരുടെയും തറവാട്ട് സ്വത്തല്ലാത്തതു കൊണ്ട് പാര്‍ട്ടിയില്‍ തുടരുമെന്നും മറ്റൊരു പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ലെന്നും രമണി പി നായര്‍ ആരോപിച്ചു.
‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹത്തായ പ്രസ്ഥാനം ഇവരുടെ ആരുടെയും തറവാട്ട് സ്വത്തല്ലാത്താതു കൊണ്ടും ഞങ്ങളും ഈ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നതു കൊണ്ടും ആര്‍ക്കും തീറെഴുതിക്കൊടുക്കാത്തതു കൊണ്ടും ആ പ്രസ്ഥാനത്തിനകത്തു തന്നെ ഉറച്ചു നില്‍ക്കും. എന്നെ കൊണ്ട് മറ്റൊരു പാര്‍ട്ടിയെക്കുറിച്ച് ചിന്തിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമുണ്ട്,’ രമണി പി നായര്‍ ഒരു സ്വകാര്യ ചാനലിൽ പറഞ്ഞു.
തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടും സീറ്റ് നിഷേധിച്ചത് രമേശ് ചെന്നിത്തലയാണെന്ന് രമണി പി നായര്‍ പറയുന്നു. പ്രതിപക്ഷ നേതാവ് തന്നെയാണ് എന്നെ വിളിച്ച് മത്സരിക്കണമെന്ന് പറഞ്ഞത്. ഏറ്റവും കൂടുതല്‍ വേദനയുണ്ടായിരിക്കുന്നത് ഇപ്പോള്‍ പുതിയ സ്ഥാനാര്‍ത്ഥി വന്നിരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ മൂലമാണെന്നും രമണി പി നായര്‍ ആരോപിച്ചു.
രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള നേതാക്കള്‍ തനിക്കൊപ്പം രാജിവെക്കുമെന്നും ഇവര്‍ പ്രതികരിച്ചു.