കഴിഞ്ഞ തവണ ഇവിടെ കോൺഗ്രസ് വോട്ട് ബിജെപിക്കല്ലേ പോയത്? നേമത്തെത്തി ആഞ്ഞടിച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം: വോട്ട് കച്ചവടത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നേമം തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ എവിടെ പോയി യുഡിഎഫ് ന്റെ വോട്ട്. ജയിച്ചയാൾ കോൺഗ്രസിന്‍റെ വോട്ട് കിട്ടിയിട്ടുണ്ട് എന്ന് പറയുന്നു. പ്രാദേശിക ധാരണ ഉണ്ടായിട്ടുണ്ട് എന്ന് ജയിച്ചയാൾ തന്നെ പറയുന്ന സാഹചര്യമാണ് നേമത്ത് കഴിഞ്ഞ തെരഞ്ഞെടപ്പിൽ ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ തുറന്നടിച്ചു. 

"ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയതാണ് നമ്മുടെ അനുഭവം. എന്തൊരു അപമാനം ആണത്. നാല് വോട്ടിന് വേണ്ടി ബിജെപി യുമായി കൂട്ട് കൂടുന്ന പ്രവണത എൽഡിഎഫ് സ്വീകരിക്കില്ല." - ഇതായിരുന്നു പിണറായി വിജയന്‍റെ വാക്കുകൾ 

ക്ഷേമ പെൻഷനും ക്ഷാമകാലത്തെ കിറ്റ് വിതരണവും അടക്കം സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. തൊഴിൽ തേടി അലയുന്ന അവസ്ഥ ഉണ്ടാവാതിരിക്കാൻ ആണ് ഇടതുമുന്നണി പരിശ്രമിക്കുന്നത്.നാല്പത് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. 

ക്ഷേമ പെൻഷൻ വിതരണത്തൽ യുഡിഎഫ് സർക്കാർ വരുത്തിയത് ഒന്നര കൊല്ലത്തെ കുടിശ്ശിക. പാവങ്ങളുടെ കഞ്ഞി കുടി വരെ മുട്ടിച്ച സര്‍ക്കാര്‍ പടിയിറങ്ങിയാണ് ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിൽ വന്നത്. പാവങ്ങളുടെ ഒപ്പം നിൽക്കാൻ ഉള്ള മനസ്സാണ് ഉണ്ടാകേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

Previous Post Next Post