ദുബായ്∙ കുട്ടി പിറന്നതിന്റെ ആഘോഷം കൈവിട്ടു, അറബ് യുവാവ് അബദ്ധത്തിൽ അഗ്നിക്കിരയാക്കിയത് അയൽവാസികളുടെ വീടിന്റെ പൂമുഖവും അയൽക്കാരുടെ 5 കാറുകളും. യുവാവിനെയും സുഹൃത്തുക്കളായ 2 പേരെയും ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.
ഉൗദ് അൽ മുത്തീനയിലായിരുന്നു സംഭവം. പടക്കങ്ങൾ കത്തിച്ചും കരിമരുന്ന് പ്രയോഗം നടത്തിയുമായിരുന്നു യുവാവിന്റെ ആഘോഷം. സന്തോഷം അലതല്ലവെ കാര്യം കൈവിട്ടുപോവുകയും അയൽപക്കത്തെ വീടുകളുടെ പൂമുഖവും അവിടെ നിർത്തിയിട്ടിരുന്ന കാറുകളും അഗ്നിക്കിരയാവുകയുമായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഭവ സ്ഥലം സുരക്ഷിതമാക്കിയതായി ഖിസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.ജനറൽ അബ്ദുൽ ഹാലിം അൽ ഹാഷിമി പറഞ്ഞു. സംഭവത്തിനു ശേഷം പടക്കങ്ങൾ ഒളിപ്പിച്ചുവച്ചതിനാണ് സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പടക്കങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.