തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് സുഗമമാക്കാൻ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. 59,292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി.
സംസ്ഥാനത്തെ 481 പൊലീസ് സ്റ്റേഷനുകളെ 142 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചാണ് ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ സംവിധാനം ഞായറാഴ്ച നിലവിൽ വരും. 24,788 സ്പെഷൽ പൊലീസുകാരടക്കം 59,292 പേരാണ് സുരക്ഷയൊരുക്കുക. ഇവരിൽ 4405 സബ് ഇൻസ്പെക്ടർമാരും 784 ഇൻസ്പെക്ടർമാരും 258 ഡിവൈ.എസ്.പിമാരും ഉൾപ്പെടും.
സിവിൽ പൊലീസ് ഓഫിസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ റാങ്കിലുള്ള 34,504 പേരും ഡ്യൂട്ടിക്കുണ്ടാകും. സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളിൽനിന്നുള്ള 140 കമ്പനി സേന കേരളത്തിലുണ്ട്. അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച കേന്ദ്ര സേനാംഗങ്ങൾക്ക് ഓട്ടോമാറ്റിക് തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ നൽകിയിട്ടുണ്ട്. ഇത്രയും കേന്ദ്രസേനാവിഭാഗങ്ങൾ തെരഞ്ഞെടുപ്പിന് വിന്യസിക്കപ്പെടുന്നത് ആദ്യമായാണ്.
പോളിങ് ബൂത്തുകളുള്ള 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ് പട്രോൾ ടീമുകൾ ഉണ്ടാകും. നക്സൽ ബാധിതപ്രദേശങ്ങളിൽ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടും 24 മണിക്കൂറും ജാഗ്രത പുലർത്തും. അതിർത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത്, ഗുണ്ടകളുടെ യാത്ര എന്നിവ തടയാൻ 152 സ്ഥലങ്ങളിൽ ബോർഡർ സീലിങ് ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിച്ചു.
പോളിങ് ദിവസം ഉൾപ്രദേശങ്ങളിൽ ജനം കൂട്ടംകൂടുന്നതും വോട്ടർമാരെ തടയുന്നതും കണ്ടെത്താൻ ഡ്രോൺ സംവിധാനം ഉപയോഗിക്കും. ഡ്രോൺ മുഖേന ശേഖരിക്കുന്ന ദൃശ്യങ്ങൾ പൊലീസ് പട്രോളിങ് പാർട്ടിക്ക് കൈമാറുകയും കുറ്റക്കാരെ പിടികൂടുകയും ചെയ്യുമെന്ന് ഡി.ജി.പി അറിയിച്ചു.
പോളിങ് ഏജൻറുമാർക്ക് സംരക്ഷണം നൽകും. പോളിങ് ഏജന്റുമാർക്ക് സുരക്ഷാഭീഷണിയുള്ള പക്ഷം അതത് സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ വിവരം അറിയിച്ചാൽ സംരക്ഷണം നൽകുമെന്ന് ഡി.ജി.പി അറിയിച്ചു. ഏജൻറുമാർക്ക് വീട്ടിൽ നിന്ന് പോളിങ് സ്റ്റേഷനിലേക്കും തിരിച്ചും യാത്രചെയ്യാൻ പൊലീസ് സംരക്ഷണം നൽകും. പൊലീസ് വിന്യാസവും സുരക്ഷാനടപടികളും നിരീക്ഷിക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും എ.ഡി.ജി.പി. മനോജ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷൻ കൺേട്രാൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.