വെള്ളിയാഴ്ച രാത്രിയോടെയാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്. കുട്ടിയുടെ മൃതദേഹം ലഭിച്ച് രണ്ടാഴ്ചയാകാറായിട്ടും പിതാവ് സനു മോഹനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണു പോലീസ് നടപടി.
ഇയാള്‍ക്കു പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ വിമാനത്താവളങ്ങള്‍ വഴി രക്ഷപ്പെടുക സാധ്യമല്ലെന്നും അതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടാകില്ലെന്നുമാണു പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രണ്ടാഴ്ചയായിട്ടും ഇയാളെ കണ്ടെത്താനാകാതായതോടെയാണു ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തമിഴ്നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചതോടെ അന്വേഷണം തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചിരുന്നു.
കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയാതെ കുഴഞ്ഞുമറിഞ്ഞ കേസില്‍ ഇയാളെ കിട്ടിയാല്‍ മാത്രമേ അന്വഷണ സംഘത്തിന് മുന്നോട്ട് പോകാനാകൂ. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പടെ ആളുകള്‍ കൂടാന്‍ സാധ്യയുള്ള സ്ഥലങ്ങളില്‍ നോട്ടീസ് പതിക്കാനാണു പോലീസിന്റെ തീരുമാനം. സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷനുകള്‍ക്കും നോട്ടീസ് കൈമാറും.
ഇയാള്‍ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും വാഹനം മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. ഇതിനിടയില്‍ ഇയാള്‍ വാഹനം പൊളിച്ചുവിറ്റതായ സൂചനകളും പുറത്തുവരുന്നുണ്ട്.
എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തത നല്കാന് പോലീസ് തയാറായിട്ടില്ല. വാഹനത്തിനുളില് സനു മോഹന്‍ തന്നെയാണോ മറ്റാരെങ്കിലും ഉണ്ടോ എന്നുള്ള കാര്യങ്ങളിലും ഇനിയും വ്യക്തത വന്നിട്ടില്ല.