കോട്ടയം: കേരള കോണ്‍ഗ്രസ് എം നേതാവും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജോസ് കെ മാണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്. ജോസ് പെരുമാറ്റചട്ടം ലംഘിച്ചെന്നാണ് പരാതി.
പരസ്യപ്രചാരണം കഴിഞ്ഞതിന് ശേഷം ജോസ് കെ മാണിയുടെ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയെന്നാണ് കാപ്പന്റെ ആരോപണം. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും ചട്ട ലംഘനമാണെന്നും കാപ്പന് വ്യക്തമാക്കി.
തന്റെ പേരില്‍ അപരനെ മത്സരത്തിനിറക്കിയത് ജോസ് കെ മാണിയാണെന്ന ആരോപണം കാപ്പന് കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ജോസിന്റെ പരാജയ ഭീതിയാണ് ഇത്തരം പ്രവണതകള്‍ക്ക് പിന്നിലെന്നും മാന്യതയുള്ള ആരും ചെയ്യുന്ന പ്രവൃത്തിയല്ല ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാലായില്‍ മാണി സി കുര്യാക്കോസ് എന്ന പേരിലാണ് കാപ്പന്റെ അപരന് മത്സരിക്കുന്നത്. കാപ്പന്റെ ട്രാക്ടര്‍ ഓടിക്കുന്ന കൃഷിക്കാരന് സമാനമായ ട്രക്കാണ് അപരന്റെ ചിഹ്നം. ബാലറ്റില്‍ കാപ്പന് ഏഴാമതും അപരന്റെ പേര് എട്ടാമതുമാണുള്ളത്.
മാണി സി കാപ്പനെ സംബന്ധിച്ചിടത്തോളം നിര്‍ണായക തെരഞ്ഞെുപ്പാണ് പാലായിലേത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മുന്നണി മാറ്റത്തിലേക്കു വരെ നയിച്ചതും. പാലാ പിടിക്കുക എന്നത് ജോസ് കെ മാണിക്കും അഭിമാന പോരാട്ടമാണ്.