മുഖ്യമന്ത്രി ക്യാപ്റ്റന്‍ തന്നെ, കേരളത്തിന്റെയും ജനങ്ങളുടെയും’; ജനങ്ങള്‍ ചാര്‍ത്തിക്കൊടുത്ത പേരാണെന്നും കടകംപള്ളി




ക്യാപ്റ്റന്‍ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്. കപ്പിത്താനെ പോലെയാണ് അദ്ദേഹം നാടിനെ നയിക്കുന്നത്. അദ്ദേഹത്തിന് ആ പേര് ആരെങ്കിലും സ്വയം തീരുമാനിച്ച് നല്‍കിയതല്ല. ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കഴക്കൂട്ടത്ത് ത്രികോണമത്സരമാണ് നടക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. വികസനമാണ് മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്നത്. രാഹുല്‍ ഗാന്ധിക്ക് കേരളത്തെക്കുറിച്ചും ഇടതുപക്ഷത്തെക്കുറിച്ചും ഒന്നും അറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

ക്യാപ്റ്റന്‍ വിളിയില്‍ പി ജയരാജന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. വസ്തുതകള്‍ പറയുക മാത്രമാണ് ജയരാജന്‍ ചെയ്തത്. ഇടതുമുന്നണിയുടെ ജനസ്വീകാര്യത കൂടുവരികയാണ്. അതില്‍ ചിലരെല്ലാം അസ്വസ്ഥരാണ്. അതിനാലാണ് മാധ്യമങ്ങള്‍ പി ജയരാജന്റ പിന്നാലെ കൂടിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ ചിലര്‍ വിലക്കെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിക്ക് കിട്ടുന്ന പിന്തുണയില്‍ അസ്വസ്ഥരായിട്ട് കാര്യമില്ല. പി ജയരാജന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ചിത്രം വരച്ചുകൊണ്ട് കൊച്ചുകുട്ടികള്‍ വരെ പ്രചാരണവേദിയില്‍ വരുന്നു. അവര്‍ പോലും സ്നേഹം പ്രകടിപ്പിക്കുന്നു. ആളുകള്‍ക്ക് എല്‍ഡിഎഫിനോട് പ്രത്യേകതരം അഭിനിവേശം ഉണ്ടെന്ന് തന്നെയാണ് ഇതൊക്കെ തെളിയിക്കുന്നത്. ഇതില്‍ ഒക്കെ അസ്വസ്ഥരാകുന്ന ചിലര്‍ മാധ്യമങ്ങളെ വിലക്കെടുത്തിരിക്കുകയാണ്. അതിനെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി പി ജയരാജന്‍ വീണ്ടും രംഗത്തെത്തി. പിണറായി വിജയന്‍ ടീം ലീഡറാണെന്നും അതില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും പി ജയരാജന്‍ പറഞ്ഞു. ഇതാണ് കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിന്റെ അടിസ്ഥാനം. എന്നാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയതെന്നും പി ജയരാജന്‍ പറഞ്ഞു.
Previous Post Next Post