സംസ്ഥാനം ചോരക്കളമാകുന്നു; കായംകുളത്തെ എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷം തുടരുന്നു; ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് കൂടി വെട്ടേറ്റു.



വോട്ടെടുപ്പിന് പിന്നാലെ കേരളം രാഷ്ട്രീയ ചേരിപ്പോരുകളുടെ ചോരക്കളമാകുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുകൂടി വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഫ്‌സല്‍ സുജായിക്കാണ് ഒടുവില്‍ വെട്ടേറ്റത്. തലയില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് നടന്ന സംഘര്‍ഷത്തില്‍ കെഎസ്‌യു നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് നൗഷാദ് ചെമ്പകപ്പള്ളിക്കും വെട്ടേറ്റിരുന്നു. എരുവ മാവിലേത്ത് സ്‌ക്കൂളിന് മുന്നില്‍ വോട്ടെടുപ്പ് അവസാനിച്ചതിനുതൊട്ടുപിന്നാലെ സംഘര്‍ഷമുണ്ടാകുകയായിരുന്നു.

കാസര്‍കോഡും കണ്ണൂരും സംഘര്‍ഷം രൂക്ഷമാകുകയാണ്. കാസര്‍കോഡ് പറക്കളായിയിലുണ്ടായ സിപിഐഎം- ബിജെപി സംഘര്‍ഷത്തില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രഡിഡന്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സിപിഐഎം പ്രവര്‍ത്തക ഓമനയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വോട്ടെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മൂലം ഉദുമയിലും തൃക്കരിപ്പൂരിലും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ കണ്ണൂര്‍ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ നടന്ന സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ഇയാളുടെ സഹോദരന്‍ മുഹ്‌സിനും സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു. കൊലയ്ക്ക് പിന്നില്‍ സിപിഐഎം ആണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.

വോട്ടെടുപ്പിനുശേഷം ഇന്നലെ രാത്രി 8 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് അക്രമികള്‍ മന്‍സൂറിനെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നുവെന്നാണ് വിവരം. തടയാന്‍ ചെന്ന മുഹ്‌സിനും വെട്ടേല്‍ക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമി സംഘം മന്‍സൂറിനെ വെട്ടിയതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മന്‍സൂറിന്റെ നില വഷളായപ്പോള്‍ കോഴിക്കോടേക്ക് കൊണ്ടുപോയിരുന്നെങ്കിലും രക്ഷിക്കാനായില്ല. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മന്‍സൂറിന്റെ മാതാവിനും അയല്‍ക്കാരിയായ സ്ത്രീയ്ക്കും പരുക്കേറ്റിട്ടുണ്ട്.
Previous Post Next Post