നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം കേരളത്തില്‍ അവസാനിച്ചു.





ആവേശം കൊട്ടിക്കയറിയ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം കേരളത്തില്‍ അവസാനിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്. കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും മണ്ഡലങ്ങളിലെല്ലാം കടലോളം ആവേശമാണ് പരസ്യപ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍ കണ്ടത്.

മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിനായി അവസാനലാപ്പില്‍ ആവേശമായി മാറിയത്. നേമത്ത് കെ മുരളീധരന്‍റെ പ്രചാരണത്തിനെത്തിയ രാഹുല്‍ തലസ്ഥാനത്ത് റോഡ്ഷോയിലൂടെ ആവേശം പകര്‍ന്നാണ് മടങ്ങിയത്. ഇടതുപക്ഷത്തിന്‍റെ സ്റ്റാര്‍ ക്യാമ്ബെയിനറായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തെ ചെങ്കടലാക്കിയ റോഡ് ഷോ നടത്തിയാണ് പ്രചാരണത്തിന്‍റെ അവസാനമണിക്കൂറുകളില്‍ ആവേശമായത്.

ബിജെപി നേതാക്കളാകട്ടെ സ്വന്തം മണ്ഡലങ്ങളില്‍ നിലയുറപ്പിച്ചുള്ള പ്രചരണത്തിനാണ് അവസാനമണിക്കൂറുകളില്‍ ശ്രദ്ധയൂന്നിയത്. 

ഉമ്മന്‍ ചാണ്ടിയും കെ.സുരേന്ദ്രനും പരസ്യപ്രചാരണവും കൊട്ടിക്കലാശവും ഒഴിവാക്കിയിരുന്നു. മന്ത്രിമാരും പ്രതിപക്ഷ നേതാവും മറ്റ് പ്രമുഖ നേതാക്കളുമെല്ലാം മണ്ഡലത്തില്‍ തന്നെ നിലയുറപ്പിച്ചായിരുന്നു കലാശപ്രചാരണം.

വൈകുന്നേരം ഏഴ് മണിക്ക് കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു മുന്നണികള്‍. ഈസ്റ്റര്‍ ദിവസമായതിനാല്‍ മിക്ക മണ്ഡലങ്ങളിലും ദേവാലയങ്ങളില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം തുടങ്ങിയത്. ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കുകയായിരുന്നു മൂന്ന് മുന്നണികളും. തൊള്ളായിരത്തി അന്‍പത്തിയേഴു സ്ഥാനാര്‍ത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടര്‍മാര്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തുകളില്‍ എത്തും. പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച്‌ അമ്ബത്തിയൊമ്ബതിനായിരം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെമ്ബാടുമായി വിന്യസിച്ചിട്ടുണ്ട്. 140 കമ്ബനി കേന്ദ്ര സേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തില്‍ ഇതാദ്യമാണ്. പോളിംഗ് ഏജന്‍റുമാര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെങ്കില്‍ പോലീസ് സംരക്ഷണം നല്‍കും.

Previous Post Next Post