ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് നേരെ ആക്രമണം



ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി ലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ 'കേരള ഷാഡോ ക്യാബിനറ്റ്', 'വുമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്' പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായതായി പരാതി. 
ഇന്നുച്ചക്ക് കുമ്മനം കുളപ്പുരകടവ് ജംഗ്ഷനിൽ ഇടതു - വലതു മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾക്ക് സമീപം ആയിരുന്നു സംഭവം. ഭവനസന്ദർശനം നടത്തി നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശികളായ നാല് വിദ്യാർത്ഥികളെ ഇരുചക്രവാഹനങ്ങളിൽ എത്തിയ സംഘം മർദിക്കുകയായിരുന്നു. 

തള്ളി താഴെയിട്ടശേഷം ഇവരുടെ കയ്യിലുണ്ടായിരുന്ന പ്രചരണ സാമഗ്രികൾ പിടിച്ചു വാങ്ങി കുറേ കീറികളയുകയും ബാക്കിയുള്ളവ കൊണ്ടുപോകുകയും ചെയ്തു. വാഹനങ്ങളുടെ നമ്പർ നോട്ട് ചെയ്യാനോ ചിത്രമെടുക്കാനോ സമ്മതിക്കാതെ അര മണികൂറോളം ഒരു ഇടവഴിയിൽ തടഞ്ഞു വെച്ച ശേഷം ഇനി ഈ വഴി കണ്ടാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ വിട്ടയച്ചത്. 

കുളപ്പുരകടവ് പാലത്തിനക്കരെ താഴത്തങ്ങാടിയിൽ എത്തി ഓട്ടോയിൽ കയറും വരെ വിദ്യാർത്ഥികളെ സംഘം പിന്തുടർന്നു. സംഭവത്തിൽ കോട്ടയം ഡിവൈഎസ്പിയുടെ നിർദേശപ്രകാരം കുമരകം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.


Previous Post Next Post