ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചരണ വാഹനം തകര്‍ത്തത് ചുവന്ന മുണ്ടും തലേക്കെട്ടുമായി വന്ന ആളുകള്‍; വീഡിയോ പുറത്തുവിട്ട് ഫിറോസ്



മലപ്പുറം: തന്റെ പ്രചരണ വാഹനം തല്ലിത്തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. കൂട്ടായിയില്‍ ശനിയാഴ്ച രാത്രിയാണ് ഫിറോസിന്റെ പ്രചരണ വാഹനങ്ങള്‍ ഒരു സംഘം ആളുകളെത്തി തകര്‍ത്തത്. ഈ അക്രമത്തിന്റെ ദൃശ്യങ്ങളാണ് സ്ഥാനാര്‍ത്ഥി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചുവന്ന മുണ്ടും ചുവന്ന തലയില്‍ കെട്ടുമായി എത്തിയ ഒരു സംഘം ആളുകള്‍ വാഹനം തല്ലിത്തകര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കൂട്ടായിലെ പള്ളിക്കുളം സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് കുടുംബ യോഗത്തിനെത്തിയപ്പോഴാണ് സംഭവം. ഫിറോസ് കുന്നംപറമ്പില്‍ വന്ന ജീപ്പും അനൗണ്‍സ്മെന്റുമായി വന്ന വാഹനവുമാണ് ആക്രമിക്കപ്പെട്ടത്. ഫിറോസും സംഘവും യോഗത്തിനു പോയ വേളയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിനു നേരെയാണ് ആക്രമണം നടന്നത്.

തോല്‍വി ഭയന്ന് സിപിഐഎം പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ ആരോപിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ തല്ലിയെന്നും അടുത്ത വീട്ടിലേക്ക് ഓടിപ്പോയത് കൊണ്ടാണ് ഡ്രൈവര്‍ രക്ഷപ്പെട്ടതെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇവരൊന്നും നാട് നന്നാക്കാനല്ല മറിച്ച് നാട് മുടിപ്പിക്കാനാണ് ഈ ശ്രമിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.

ആരോപണത്തോട് സിപിഐഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Previous Post Next Post