സംസ്ഥാനം മുഴുവന്‍ മാറ്റത്തിന്റെ തരംഗമാണ് അലയടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ ഗതി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും
വോട്ടവകാശമുള്ള മുഴുവന്‍ പേരും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തല പറയുന്നു: കേരളം മാറ്റത്തിനൊരുങ്ങിക്കഴിഞ്ഞു. മാറ്റത്തിന്റെ തരംഗമാണ് സംസ്ഥാനം മുഴുവന്‍ അലയടിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തില്‍ സംസ്ഥാനത്തിന്റെ ഗതി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. വോട്ടവകാശമുള്ള മുഴുവന്‍ പേരും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഉയര്‍ന്ന പോളിങ് ഉറപ്പു വരുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കണം. ഒപ്പം കള്ളവോട്ടുകള്‍ തടയുന്നതിനായി ജാഗ്രത പാലിക്കണം. ഏകാധിപതികളുടെ ഉത്തരവുകള്‍ ഏറ്റുപാടലല്ല ജനാധിപത്യം, മറിച്ച് ഏറ്റവും ദുര്‍ബലമായ ശബ്ദത്തിനു പോലും കാതോര്‍ക്കുന്നതാണ് ജനാധിപത്യത്തിന്റെ രീതി. നല്ല കാലം തീര്‍ച്ചയായും വരും. ഐശ്വര്യ കേരളത്തിനായി, ലോകോത്തര കേരളത്തിനായി കേരള ജനത യു ഡി എഫിന് ഒപ്പം അണിചേരുമെന്ന് ഉറപ്പാണ്. ഹരിപ്പാട് മണ്ണാറശാല യു.പി.സ്‌കൂളിലെ 51 നമ്പര്‍ ബൂത്തില്‍ ഇന്നു രാവിലെ എന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇടം പോകുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തെ ഇടതുപക്ഷം നയിക്കുമെന്ന് ജനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞതാണ്. ഇടതുപക്ഷത്തിന് വോട്ട് രേഖപ്പെടുത്തി കേരളജനത അത് ഉറപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ജനാധിപത്യത്തില്‍ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ് വോട്ടവകാശം വിനിയോഗിക്കുക എന്നത്. പിണറായി ആര്‍.സി.അമല ബേസിക് സ്‌കൂളില്‍ എത്തി ആ ഉത്തരവാദിത്വം നിര്‍വഹിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇടം നേടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. കേരളത്തെ ഇടതുപക്ഷം നയിക്കുമെന്ന് ജനങ്ങള്‍ ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞതാണ്. ഇവിടെ ജനാധിപത്യം വാഴും. മതേതരത്വം പുലരും. പുരോഗതിയുടെ പാതയിലൂടെ നമ്മള്‍ ഇനിയും മുന്നോട്ടു പോകും. ഇന്ന്, ഇടതുപക്ഷത്തിനു വോട്ടു രേഖപ്പെടുത്തിക്കൊണ്ട് കേരളം അത് ഉറപ്പിക്കും.”
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും ജനം അതെല്ലാം തള്ളിക്കളഞ്ഞെന്നും എല്‍ഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കും. എന്നാല്‍ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യുഡിഎഫ് അവര്‍ക്ക് വോട്ടുമറിച്ചുകൊടുത്ത് ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോല്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.