110 ദശലക്ഷം വർഷങ്ങളുടെ പഴക്കം! ആറ് വിഭാ​ഗം ദിനോസറുകളുടെ കാലടയാളങ്ങൾ കണ്ടെത്തി


 


ലണ്ടൻ: ബ്രിട്ടനിൽ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തേതെന്ന് കരുതപ്പെടുന്ന ദിനോസറുകളുടെ കാൽപ്പാടുകൾ കണ്ടെത്തി. 110 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറുകളുടെ കാൽപ്പാടുകളാണ് ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയത്. ആറ് ഇനങ്ങളിലുള്ള ദിനോസറുകളുടെ കാലടിപ്പാടുകളാണ് ഇവയെന്നാണ് നി​ഗമനം. 

കെന്റിലെ ഫോക്സ്റ്റോൺ പ്രദേശത്തെ മലഞ്ചെരുവുകളിലാണ് ആറിനത്തിൽ പെട്ട ദിനോസറുകളുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. ഈ പ്രദേശത്തുണ്ടാകുന്ന ശക്തമായ കാറ്റും തിരമാലകളും നിരവധി ഫോസിലുകൾ കണ്ടെത്താൻ സഹായകമായിട്ടുണ്ട്. 

ഹേസ്റ്റിങ്സ് മ്യൂസിയം ആൻഡ് ആർട്ട് ഗാലറിയിലെ ക്യുറേറ്ററും പോർട്ട്സ്മൗത്ത് യൂണിവേഴ്സിറ്റിയിലെ ഒരു ശാസ്ത്രജ്ഞനുമാണ് ചരിത്ര പ്രാധാന്യമുള്ള ഈ കണ്ടെത്തലിന് നേതൃത്വം നൽകിയത്. ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിപ്പമേറിയ ജീവിവർഗത്തെക്കുറിച്ചുള്ള അവശേഷിക്കുന്ന രഹസ്യങ്ങളിലേക്ക് ഈ പുതിയ കണ്ടെത്തൽ വെളിച്ചം വീശിയേക്കുമെന്നാണ് കരുതുന്നത്. 

സാൻഡ്സ്റ്റോണും കളിമണ്ണും കൂടിക്കലർന്ന് രൂപീകൃതമായ ശിലകളിലാണ് ദിനോസോറിന്റെ കാൽപ്പാടുകൾ സംരക്ഷിക്കപ്പെട്ടിരുന്നത്. ആഴത്തിൽ പതിഞ്ഞ കാൽപാടുകളിൽ മണ്ണും കളിമണ്ണും മറ്റ് പദാർഥങ്ങളും അടിഞ്ഞു കൂടിയാണ് ഈ ഫോസിലുകൾ രൂപം കൊണ്ടിരിക്കുന്നത്. 110 ദശലക്ഷം വർഷം മുമ്പുള്ള ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ ആദ്യം ബ്രിട്ടനിൽ വിവിധ ഗണത്തിലുള്ള ദിനോസോറുകൾ ജീവിച്ചിരുന്നതായി ഈ കാൽപാടുകൾ സൂചന നൽകുന്നു. ഇവയിൽ ആങ്കിലോസോറസ് (ankylosaurus), തെറോപോഡ് (Theropods), ഓർണിത്തോപോഡ് (Ornithopods) എന്നിവ ഉൾപ്പെടുന്നു.

പ്രൊസിഡിങ്സ് ഓഫ് ദ ജിയോളജിസ്റ്റ്സ് അസ്സോസിയേഷൻ ജേണലിൽ ദിനോസോർ കാൽപ്പാടുകളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ ഫോക്സ്റ്റോൺ മ്യൂസിയത്തിൽ കാൽപാടുകളിൽ ചിലവ പ്രദർശിപ്പിച്ചിട്ടുമുണ്ട്. 

ഫോക്സ്റ്റോണിൽ ദിനോസോറുകളുടെ കാലടയാളം കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് പോർട്ട്സ്മൗത്ത് യൂണിവേഴ്സിറ്റിയിലെ പാലിയോബയോളജി വിഭാഗത്തിലെ പ്രൊഫസറായ ഡേവിഡ് മാർട്ടിൽ പറഞ്ഞു. സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നായ വൈറ്റ് ക്ലിഫ്സ് ഓഫ് ഡോവറിന്റെ സമീപപ്രദേശത്താണ് ദിനോസറുകളുടെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നത്.


Previous Post Next Post