കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി കേന്ദ്രം; 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി





ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍/എഎന്‍ഐ
 
ന്യൂഡല്‍ഹി: കോവിഡ് മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടിന പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് ബാധിത മേഖലകള്‍ക്ക് 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി നല്‍കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമന്‍ വാർത്താ സമ്മേളനത്തിൽ  പ്രഖ്യാപിച്ചു.

എട്ടു പദ്ധതികളാണ് കോവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചത്. ഇതില്‍ നാലു പദ്ധതികള്‍ തീര്‍ത്തും പുതിയതാണെന്ന് ധനമന്ത്രി അറിയിച്ചു. ഒരു പദ്ധതി പൂര്‍ണമായും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യത്തിനായാണ്. ആരോഗ്യ മേഖലയ്ക്ക് അന്‍പതിനായിരം കോടി രൂപയാണ് പദ്ധതിയില്‍ നീക്കിവയ്ക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.

വായ്പാ ഗാരണ്ടി പദ്ധതിയിലൂടെ 25 ലക്ഷം പേര്‍ക്കു ഗുണം ലഭിക്കും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലുടെ ചെറുകിടക്കാര്‍ക്ക് വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 1.25 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ലഭ്യമാക്കുക. 

ചെറുകിട, ഇടത്തരം മേഖലയ്ക്കുള്ള അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി പ്രകാരമുള്ള തുകയുടെ പരിധി അന്‍പതു ശതമാനം ഉയര്‍ത്തുന്നതായി ധനമന്ത്രി അറിയിച്ചു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച കോവിഡ് പാക്കേജ് പ്രകാരം മൂന്നു ലക്ഷം കോടിയാണ് പരിധിയായി നിശ്ചയിച്ചിരുന്നത്. ഇത് നാലര കോടിയായി ഉയര്‍ത്തി. ഏഴര ശതമാനമായിരിക്കും പരിശ നിരക്കെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

Previous Post Next Post