എം.ജി സർവ്വകലാശാല പോളാർ പഠന കേന്ദ്രം ജൂൺ 24 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും





കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പുതുതായി ആരംഭിക്കുന്ന അന്തർദേശീയ പോളാർ പഠന കേന്ദ്രത്തി (International Centre for Polar Studies - (ICPS) ന്റെ ഉദ്ഘാടനം ജൂൺ 24ന് ഉച്ചക്ക് ശേഷം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഓൺലൈനായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയായിരിക്കും.

 സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ ലോഗോ പ്രകാശനം ചെയ്യും. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ സെക്രട്ടറി ഡോ. എം. രാജീവൻ, സംസ്ഥാന ഉന്നത വിദ്യഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. പി. എം.രാജൻ ഗുരുക്കൾ എന്നിവർ പങ്കെടുക്കും.

 സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്, പ്രൊ വൈസ് ചാൻസലറും പഠന കേന്ദ്രം ഡയറക്ടറുമായ ഡോ. സി.ടി. അരവിന്ദകുമാർ, ഗോവയിലെ നാഷണൽ സെൻറർ ഫോർ പോളാർ ആൻറ് ഓഷ്യൻ റിസർച്ച് ഡയറക്ടർ ഡോ. എം. രവിചന്ദ്രൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ ജോസ്, പി ഹരികൃഷ്ണൻ, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.

എം. ജി. സർവ്വകലാശാല സ്കൂൾ ഓഫ് എൻവയൺവെൻറൽ സയൻസസ്, സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ്, അന്തർ സർവ്വകലാശാല സാമൂഹ്യ ശാസ്ത്ര ഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പോളാർ പഠന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. 

കൂടാതെ, ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻറ് ഓഷ്യൻ റിസർച്ച്, കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം, നോർവിജിയൻ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസ്, യൂണിവേഴ്സിറ്റി ഓഫ് ബർജെൻ, നോർവെ, യൂണിവേഴ്സിറ്റി ഓഫ് ഗ്രോനിൻജെൻ, നെതർലന്റസ് തടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും സെന്ററിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകും
മനുഷ്യന്റെെ ആവാസ മേഖല (Human Ecology) യുടെ സംരക്ഷണം, വികസനം, ഭൗമ - രാഷ്ട്രീയ (Geo-political)മേഖലകൾ എന്നിവ സംബന്ധിച്ച് നയരൂപീകരണത്തിന് കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന വിധത്തിൽ ആവശ്യമായ പഠനങ്ങൾ നടത്തുന്നതിനും പോളാർ പഠനകേന്ദ്രം ലക്ഷ്യമിടുന്നു. ആർട്ടിക്, അന്റാർട്ടിക്, ഹിമാലയൻ, ദക്ഷിണ സമുദ്ര മേഖലകളെ കുറിച്ചുള്ള സമഗ്ര പഠനമാണ് ഈ അന്തർദേശീയ പഠന കേന്ദ്രത്തിന് കീഴിൽ ലക്ഷ്യമിടുന്നത്. സർവ്വകലാശാല സ്കൂൾ ഓഫ് എൻവയൺമെന്റൽ സ്റ്റഡീസിലെ ഗവേഷകർ 2014 മുതൽ ഇന്ത്യയുടെ ആർട്ടിക് പര്യവേഷക സംഘത്തിലെ അംഗങ്ങളാണ്. പ്രോ-വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാറാണ് കേന്ദ്രത്തിന്റെ മേധാവി.


Previous Post Next Post