തമിഴ്നാട്ടിലേത് ഗംഭീര ലോക്ക്ഡൗൺ ! റേഷൻ കാർഡുടമകൾക്ക് 4000 രൂപ കാശായി കൈയിൽ കിട്ടി, പൊലീസുകാർക്ക് 5000 രൂപ അധിക വേതനം




ജോവാൻ മധുമല 
ചെന്നൈ : ലോക്ക്ഡൗണിൽ ലോക്കായി വീട്ടിലിരിക്കുന്ന റേഷൻ കാർഡുടമകൾക്ക് നാലായിരം രൂപ കൈയിൽ വച്ചുകൊടുത്ത് തമിഴ്നാട് സർക്കാർ. സ്റ്റാലിൻ സർക്കാർ വാഗ്ദ്ധാനം ചെയ്ത 4000 രൂപയുടെ രണ്ടാം ഗഡുവിന്റെ വിതരണമാണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 2000 രൂപയാണ് നൽകിയിരുന്നത്. ഇപ്പോൾ നൽകുന്ന രണ്ടാം ഗഡുവിനൊപ്പം ഭക്ഷ്യകിറ്റും ഉണ്ട്. അഞ്ഞൂറ് രൂപയുടെ ഭക്ഷ്യകിറ്റിൽ പതിനാല് ഇനത്തിലുള്ള സാധനങ്ങളാണുള്ളത്. 2.11 കോടി കുടുംബങ്ങളിലേക്കാണ് 4000 രൂപ സർക്കാർ കൈമാറിയത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളാൽ തൊഴിൽ നഷ്ടമായ കുടുംബങ്ങൾക്ക് ആശ്വാസമാണ് ഈ ആനുകൂല്യങ്ങൾ. ഇതിനു മാത്രമായി 240 കോടി രൂപയാണ് സർക്കാർ ചെലവിട്ടത്.
കൊവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി രാപ്പകൽ പണിയെടുക്കുന്ന പൊലീസിനും സർക്കാർ ആശ്വാസമേകുന്നു. പൊലീസുകാരുടെ വേതനത്തിൽ അയ്യായിരം രൂപയുടെ വർദ്ധനവാണ് ഇതിനായി ഏർപ്പെടുത്തിയത്.



Previous Post Next Post