കുവൈറ്റിൽ ദൈനം ദിന രോഗ ബാധിതരുടെ എണ്ണത്തിൽ അനു ദിനം വർദ്ധനവ്‌ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്‌.നിലവിൽ രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നവരിൽ 60 ശതമാനത്തിൽ അധികം പേരും വിദേശികളാണ്



റ്റിജോ ഏബ്രഹാം

കുവൈത്ത്‌ സിറ്റി :ജൂൺ 23, കുവൈത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട കൊറോണയുമായി ബന്ധപ്പെട്ട സ്ഥിതി വിവര കണക്കുകൾ രാജ്യത്ത് വീണ്ടും  ആശങ്ക ഉയർത്തുന്നു.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൊറോണ  വൈറസ്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി കഴിഞ്ഞ തിങ്കളാഴ്ചയും ഇന്നലെയും പ്രതിദിന രോഗികളുടെ എണ്ണത്തിൽ സർവ്വ കാല റെക്കോർഡ്‌ ആണു രേഖപ്പെടുത്തിയത്‌.തിങ്കളാഴ്ച 1935 രോഗ ബാധയാണു റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെങ്കിൽ ഇന്നലെ ആ റെക്കോർഡ്‌ മറി കടന്ന് രോഗ ബാധിതരുടെ എണ്ണം 1962 ആയി കുതിച്ചുയർന്നു.അതേ പോലെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിലും റെക്കോർഡ്‌ വർദ്ധനവാണു അനുദിനം രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്‌.ഇന്നലെ അത്‌ 18144 ൽ എത്തി നിൽക്കുകയാണു. കഴിഞ്ഞ ഏപ്രിലിനു ശേഷം തീവ്ര പരിചരണ വിഭാഗം രോഗികളുടെ എണ്ണത്തിലും ഈ ആഴ്ച വൻ വർദ്ധനവാണു ഉണ്ടായത്‌.നിലവിൽ 238 രോഗികളാണു തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്‌.രാജ്യത്ത്‌ ഡെൾട്ട വക ഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതിനു പിന്നാലെയാണു ദൈനം ദിന രോഗ ബാധിതരുടെ എണ്ണത്തിൽ അനു ദിനം വർദ്ധനവ്‌ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്‌.നിലവിൽ രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നവരിൽ 60 ശതമാനത്തിൽ അധികം പേരും വിദേശികളാണു.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരിലും മരണമടയുന്നവരിലും ബഹു ഭൂരി ഭാഗവും പ്രതിരോധ കുത്തി വെപ്പ്‌ നടത്താത്തവരോ അല്ലെങ്കിൽ  രണ്ട്‌ ഡോസ്‌ പൂർത്തിയാക്കത്തവരോ ആണെന്നാണു കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കിയത്.വാക്സിനേഷൻ പ്രക്രിയ അതിവേഗമാക്കുവാനാണു ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നത്‌. നിലവിൽ പ്രതിദിനം 43 000 പേർക്കാണു വാക്സിനേഷൻ നൽകി വരുന്നത്‌. വരും ദിവസങ്ങളിൽ ഇത്‌ 70000 ആയി വർദ്ധിപ്പിക്കുവാൻ  മന്ത്രാലയം പദ്ധതി തയ്യാറാക്കി കഴിഞ്ഞു.രാജ്യത്തെ ജന സംഖ്യയിൽ 70 ശതമാത്തിൽ അധികം പേർക്ക്‌ ഇതിനകം വാക്സിനേഷൻ നൽകി കഴിഞ്ഞു. എന്നാൽ 30 ശതമാനം പേർക്ക്‌ മാത്രമാണു രണ്ട്‌ ഡോസ്‌ കുത്തിവെപ്പും പൂർത്തിയാക്കാൻ സാധിച്ചത്‌.വരും ദിവസങ്ങളിൽ വാക്സിനേഷൻ പ്രക്രിയ ദ്രുതഗതിയിൽ ആരംഭിക്കുന്നതോടെ നിലവിലെ ആരോഗ്യ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്നാണു മന്ത്രാലയം പ്രതീക്ഷിക്കുന്നത്‌.അല്ലാത്ത പക്ഷം രാജ്യത്ത്‌ വീണ്ടും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരികയും ഇത്‌ സ്വദേശികളിൽ നിന്ന് സർക്കാരിനു എതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്ന് വരുമെന്നും  ആരോഗ്യ മന്ത്രാലയം മുന്നിൽ കാണുന്നുണ്ട്‌.
Previous Post Next Post