ജമ്മു കശ്മീരും ലഡാക്കുമില്ലാതെ ഇന്ത്യന്‍ ഭൂപടം പ്രസിദ്ധീകരിച്ച് ട്വിറ്റര്‍


ജോവാൻ മധുമല 
ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ച് ട്വിറ്റര്‍. ജമ്മുകശ്മീരും ലഡാക്കുമില്ലാതെ ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ചതാണ് ഇപ്പോള്‍ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. പുതിയ ഐടി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രവും ട്വിറ്ററും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം.
ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്‌ക്കൊപ്പം കാണിക്കാതെ മറ്റൊരു രാജ്യമായാണ് ട്വിറ്ററിന്റെ കരിയര്‍ വിഭാഗം പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനു മുമ്പും ഇന്ത്യയുടെ ഭൂപടം ട്വിറ്റര്‍ തെറ്റായി പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ ജമ്മുകശ്മീരിലെ ലേ ചൈനയുടെ ഭാഗമായാണ് ട്വിറ്റര്‍ കാണിച്ചിരുന്നത്. ഇതിനെതിരെ കേന്ദ്രം രൂക്ഷവിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
അതേസമയം ട്വിറ്ററിറിന്റെ ഇന്ത്യയിലെ താല്‍ക്കാലിക റെസിഡന്‍ഷ്യല്‍ പരാതിപരിഹാര ഓഫീസര്‍ സ്ഥാനത്ത് നിന്ന് ധര്‍മേന്ദ്ര ചതുര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ജെറമി കെസ്സലിനെ പുതിയ പരാതി പരിഹാര ഉദ്യോഗസ്ഥനായി നിയമിച്ചതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ട്വിറ്റര്‍ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസറായി ഇന്ത്യയില്‍ നിന്നുള്ള ഒരാളെ തന്നെ നിയമിക്കണമെന്ന ഐടി നിയമം നിലനില്‍ക്കെയാണ് ട്വിറ്ററിന്റെ നടപടി ചര്‍ച്ചയാകുന്നത്.
മെയ് 25 മുതല്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ ഐടി നിയമ പ്രകാരം പരാതികള്‍ പരിഹരിക്കുന്നതിനായി പരാതി പരിഹാര സംവിധാനം സ്ഥാപിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിദേശം നല്‍കുകയായിരുന്നു. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള എല്ലാ സുപ്രധാന സോഷ്യല്‍ മീഡിയ കമ്പനികളും അത്തരം പരാതികള്‍ കൈകാര്യം ചെയ്യന്നതിനായി ഒരു പരാതി ഉദ്യോഗസ്ഥനെ നിയമിക്കണമെന്നുമായിരുന്നു കേന്ദ്ര നിര്‍ദ്ദേശം
Previous Post Next Post