കേരളത്തിൽ നിന്നും പ്രവാസികൾക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫികറ്റ്‌ കുവൈത്ത്‌ മലയാളികൾക്ക്‌ തിരിച്ചടിയാകുന്നു.




18.06.21
കുവൈത്ത് സിറ്റി:  കേരളത്തിൽ നിന്ന് കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ച പ്രവാസികൾക്ക് കേരള സർക്കാർ പ്രത്യേകമായി നൽകുന്ന വാക്സിനേഷൻ സർട്ടിഫികറ്റ്‌ കുവൈത്ത്‌ മലയാളികൾക്ക്‌ തിരിച്ചടിയാകുന്നു.

പ്രവാസികളുടെ നിരന്തരമായ ആവശ്യം മുൻ നിർത്തി തീർത്തും സദുദ്ദേശപരമായി കേരള സർക്കാർ ഒരുക്കിയ പ്രത്യേക സൗകര്യമാണു സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ അപൂർണ്ണമായതിനെ തുടർന്ന് പ്രവാസികൾക്ക്‌ തന്നെ തിരിച്ചടിയാകുന്നത്‌. 

നിലവിൽ കേരള സർക്കാർ പ്രവാസികൾക്ക്‌ നൽകുന്ന പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ വാക്സിന്റെ പേരു കോവിഷീൾഡ്‌ എന്നതിനു പുറമേ കുവൈത്ത്‌ അംഗീകൃത വാക്സിനായ ആസ്ട്ര സേനേക്ക എന്നു കൂടി രേഖപ്പെടുത്തുന്നുണ്ട്‌.എങ്കിലും വാക്സിൻ സ്വീകരിച്ച തിയ്യതിയും വാക്സിന്റെ ബാച്ച് നമ്പറും രേഖപ്പെടുത്തുന്നില്ല. എന്നാൽ കേന്ദ്ര സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റുകളിലാകട്ടെ വാക്സിന്റെ പേരു കോവിഷീൾഡ്‌ എന്ന് മാത്രമായാണു രേഖപ്പെടുത്തുന്നത്‌ എങ്കിലും സർട്ടിഫിക്കറ്റ്‌ റെജിസ്ട്രേഷൻ വേളയിൽ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്ന മറ്റു വിവരങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്‌. 

വിദേശ രാജ്യങ്ങളിൽ നിന്നും വാക്സിനേഷൻ സ്വീകരിച്ച പ്രവാസികൾക്ക്‌ സർട്ടിഫിക്കറ്റ്‌ റെജിസ്റ്റർ ചെയ്യുന്നതിനു കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പ്രത്യേക ഇമ്മ്യൂൺ ആപ്പ്‌ പുറത്തിറക്കിയിരുന്നു.ഇത്‌ പ്രകാരം നാട്ടിൽ കഴിയുന്ന കുവൈത്ത്‌ പ്രവാസികളിൽ ചിലർ കേന്ദ്ര സർക്കാർ അനുവദിച്ച സർട്ടിഫിക്കറ്റും മറ്റു ചിലർ കേരള സർക്കാർ അനുവദിച്ച സർട്ടിഫിക്കറ്റുമാണു ആപ്പിൽ റെജിസ്റ്റർ ചെയ്തത്‌. വിവരങ്ങൾ പൂർണ്ണമാണെങ്കിൽ മൂന്നു ദിവസത്തിനു അകം സർട്ടിഫിക്കറ്റിനു അംഗീകാരം നൽകുമെന്നാണു കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം അറിയിച്ചത്‌. എന്നാൽ റെജിസ്‌ട്രേഷൻ ചെയതവരിൽ ഇത്‌ വരെയായി കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്‌ കേന്ദ്ര സർക്കാർ അനുവദിച്ച സർട്ടിഫിക്കറ്റ്‌ സമർപ്പിച്ചവർക്ക്‌ മാത്രമാണെന്നാണു വിവരം.

കേരള സർക്കാർ അനുവദിച്ച സർട്ടിഫിക്കറ്റിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്ന വിവരങ്ങൾ പൂർണ്ണമായി ഇല്ലാത്തതാണ് ഇതിനു കാരണം എന്നാണു അറിയുന്നത്.നിലവിൽ കേരള സർക്കാർ അനുവദിച്ച സർട്ടിഫിക്കറ്റ്‌ റെജിസ്റ്റർ ചെയ്തവർക്ക്‌ ഇവ മാറ്റി പകരം കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റ്‌ സമർപ്പിക്കുന്നതിനും തടസ്സങ്ങൾ നേരിടുന്നതായാണു പലരും പരാതിപ്പെടുന്നത്‌.

ഒരിക്കൽ റെജിസ്റ്റർ ചെയ്തവർക്ക്‌ രണ്ടാമതായി റെജിസ്ട്രെഷൻ  ചെയ്യുന്നതിനോ അല്ലെങ്കിൽ നേരത്തെ നൽകിയ വിവരങ്ങൾ എഡിറ്റ്‌ ചെയ്യുന്നതിനോ നിലവിൽ ആപ്പിൽ സൗകര്യമില്ല എന്നതാണു ഇതിനു കാരണം. 

കേന്ദ്ര സർക്കാർ അനുവദിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വാക്സിന്റെ പേരു കോവി ഷീൾഡ്‌ എന്ന് മാത്രമാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. ഈ സർട്ടിഫിക്കറ്റ്‌ സമർപ്പിച്ചവർക്ക്‌ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്‌ എന്നിരിക്കേ കേരള സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ പ്രസക്തിയും ഇല്ലാതാകുകയാണ്. ഇതുമൂലം കുവൈത്ത് പ്രവാസികൾ കൂടുതൽ സങ്കീർണ്ണതകൾ നേരിടെണ്ടി വരുമെന്നും ആശങ്ക ഉയരുന്നുണ്ട് .

ഇത്‌ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്‌ ഐ. എം. സി., സി ജി. സി. സി. കമ്മിറ്റി, കെ. ഡി. എൻ. എ.കുവൈത്ത്‌ മുതലായ സംഘടനകൾ മുഖ്യമന്ത്രിക്ക്‌ കത്ത്‌ അയച്ചിട്ടുണ്ട്‌.

Previous Post Next Post