ജോസഫൈന്‍ അന്വേഷിച്ച കേസുകള്‍ പുനഃപ്പരിശോധിക്കണം: ഡോ.ജെ. പ്രമീളാദേവി





കോട്ടയം: എം.സി. ജോസഫൈന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷസ്ഥാനത്തിരുന്നപ്പോള്‍ അന്വേഷിച്ചതും തീര്‍പ്പാക്കിയതുമായ കേസുകള്‍ പുനഃപ്പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ. പ്രമീളാദേവി. 

വനിതാകമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് എം.സി. ജോസഫൈന്‍ നടത്തിയ പലപരാമര്‍ശങ്ങളും അവരുടെ പക്ഷപാതപരമായ നിലപാട് തുറന്നു കാട്ടുന്നതായിരുന്നു. അതുകൊണ്ട് തന്നെ തീരുമാനങ്ങള്‍ എടുക്കുമ്പോഴും പക്ഷപാതപരമായ സമീപനം എടുത്തിട്ടുണ്ടാകണം. അദ്ധ്യക്ഷ സ്ഥാനത്തിരുന്നപ്പോള്‍ അവര്‍ അന്വേഷിച്ചതും തീര്‍പ്പാക്കിയതുമായ കേസുകള്‍ പുനഃപ്പരിശോധിക്കാന്‍ ഉത്തരവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. 

വനിതാകമ്മീഷന്‍ അംഗങ്ങളെയും ചെയര്‍പേഴ്‌സണെയും നിയമിക്കുന്നത് രാഷ്ട്രീയതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കിലും കമ്മീഷന്റെ ഭാരവാഹിത്വം ഏറ്റെടുക്കുന്ന സമയം മുതല്‍ അവര്‍ ഓരോരുത്തരും രാഷ്ട്രീയത്തിനതീതമായ നിലപാടുകളാണ് സ്വീകരിക്കേണ്ടത്. പൊതുസമൂഹത്തിന് വേണ്ടിയാണ് വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത്. അവര്‍ രാഷ്ട്രീയമായ നിലപാടുകള്‍ പരസ്യമാക്കാന്‍ പാടുള്ളതല്ല. 

വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരിക്കെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തയാളാണ് എം.സി. ജോസഫൈന്‍.  
വനിതാകമ്മീഷന്‍ അദ്ധ്യക്ഷയെ വിളിച്ചു സങ്കടം പറഞ്ഞ പരാതിക്കാരിയോട് ധാര്‍ഷ്ട്യം നിറഞ്ഞ ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്. ആദ്യമായല്ല ഇത്തരത്തിലുള്ള അവരുടെ പ്രതികരണം. അഹന്തയും ധിക്കാരവും അധികാരഗര്‍വ്വും നിറഞ്ഞ സംസാരമായിരുന്നു പലപ്പോഴും അവരുടേത്. സുഗതകുമാരി ടീച്ചറെ പോലെയുള്ളവര്‍ ഇരുന്ന സ്ഥാനത്ത് ജോസഫൈന്‍ ഇരുന്നത് അപമാനമാണ്. ജോസഫൈന്‍ രാജിവെക്കേണ്ടെന്ന നിലപാടെടുത്ത ഡിവൈഎഫ്‌ഐ മനസ്സാക്ഷിയുടെ കണ്ണ് തുറന്നുകാണുകയാണ് വേണ്ടത്. 

ജോസഫൈന്റെ രാജി പൊതുസമൂഹത്തിന്റെ ആവശ്യമാണ്. അലിവും അറിവുമുള്ളവരെ തല്‍സ്ഥാനത്തു നിയമിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ജെ. പ്രമീളാദേവി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിള്‍ മാത്യുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Previous Post Next Post